ഗുവാഹത്തി : സെല്‍ഫി പ്രേമികളായ സഞ്ചാരികളേ നിങ്ങള്‍ക്കിതാ വീണ്ടുമൊരു ദു:ഖവാര്‍ത്ത. അസമിലെ ബ്രഹ്മപുത്ര നദിയിലെ ഇരട്ട പാലം സെല്‍ഫി പ്രേമികളുടെ ഇഷ്ട സ്ഥലമാണ്. എന്നാല്‍ ഇനി പാലത്തില്‍ വെച്ച് സെല്‍ഫി എടുത്താല്‍ 10000 രൂപ പിഴ അടക്കേണ്ടി വരും. തിങ്കളാഴ്ച്ച മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ബ്രഹ്മപുത്രയിലെ രണ്ട് പാലങ്ങളുടെ സമീപത്തും വണ്ടി പാര്‍ക്ക് ചെയ്യരുതെന്നും സെല്‍ഫി എടുക്കരുതെന്നുമാണ് പുതിയ ഉത്തരവ്. നോ പാര്‍ക്കിങ്ങ് നോ സെല്‍ഫി പ്രദേശമായി രണ്ട് പാലങ്ങളെയും ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിക്കുകയായിരുന്നു. നിരവധി ആളുകള്‍ വാഹനങ്ങള്‍ പാലത്തില്‍ പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് സെല്‍ഫികള്‍ എടുക്കാറുമുണ്ട്. ഇത് മറ്റ് വാഹനങ്ങളെയും കാല്‍ നടക്കാരെയും ബുദ്ധിമുട്ടക്കുന്നതിനിലാണ് പുതിയ തീരുമാനം. 1962 ല്‍ ജവഹര്‍ ലാല്‍ നെഹ്റുവാണ് ആദ്യ പാലം ഉദ്ഘാടനം ചെയ്തത. കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാലം ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ 46 ഓളം മ്യൂസിയങ്ങളില്‍ സെല്‍ഫി സ്റ്റിക്കുകള്‍ നിരോധിച്ചു കൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവിനു പിന്നാലെയാണ് സെല്‍ഫി പ്രേമികള്‍ക്ക് തിരിച്ചടിയായി പുതിയ ഉത്തരവും.