കൊല്‍ക്കത്ത: ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തില്‍ പറന്ന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി നെങ് ഹാന്‍. തേജസില്‍ പറക്കുന്ന ആദ്യ വിദേശ പൗരന്‍ കൂടിയാണ് നെങ് ഹാന്‍. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ബേസില്‍നിന്നാണ് നെങ് ഹാന്‍ എയര്‍മാര്‍ഷല്‍ എ പി സിംഗിനൊപ്പം പറന്നുയര്‍ന്നത്. സിംഗപ്പൂര്‍ പ്രതിരോധ മന്ത്രാലയത്തിന് തേജസ് വാങ്ങാന്‍ താത്പര്യമുണ്ടെന്ന് നേരത്തേ ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

തേജസ് വാങ്ങാന്‍ സിംഗപ്പൂരിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഒരു പൈലറ്റല്ലെന്നും എന്നാല്‍ വളരെ ആകര്‍ഷണീയമായിരുന്നു യാത്ര എന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു കാറിലിരിക്കുന്നത്ര സുഖകരമായിരുന്നു പറക്കല്‍ എന്നായിരുന്നു യാത്രയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പു വച്ചത് 2003 ലാണ്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ ഈ കരാര്‍ പുതുക്കി. ഇന്ത്യന്‍ പ്രതിരോധ മനത്രി നിര്‍മ്മല സീതാരാമനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.