സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ യാത്രയിലൂടെ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി വിവാദനായകനായി മാറിയിരിക്കുകയാണ് മിനി കൂപ്പര്‍ എന്ന ആഢംബര കാര്‍. എന്താണ് ഈ മിനി കൂപ്പര്‍ കാറുകളുടെ പ്രത്യേകതകള്‍? അമ്പരപ്പിക്കുന്ന വില എന്നതാവും മലയാളികള്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അതുമാത്രമല്ല ബ്രിട്ടീഷ് പാരമ്പര്യം ഉയത്തിപ്പിടിക്കുന്ന ഈ വാഹനത്തിന്‍റെ പ്രത്യേകതകള്‍. അവ എന്തൊക്കെയാണെന്നു നോക്കാം.
മിനിയും കൂപ്പറും തമ്മില്‍
മിനിയും കൂപ്പറും രണ്ടാണെന്നതാണ് ആദ്യത്തെ കൗതുകം. മിനിയുടെ റേസിംഗ് കാര്‍ വേരിയന്റാണ് മിനി കൂപ്പര്‍.
മിനിയുടെ കഥ
ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 195ല്‍ അവതരിപ്പിച്ച ചെറുകാര്‍ മോഡലാണ് മിനി. ബ്രിട്ടീഷ് കാര്‍ ഡിസൈനര്‍ സര്‍ അലക് ഇസിഗോനിസ് ആണ് വാഹനത്തിന്‍റെ ശില്‍പ്പി. അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ ബ്രിട്ടീഷ് സംസ്കാരത്തിന്‍റെ അടയാളമായിരുന്ന വാഹനം 2000ത്തിന്‍റെ ആദ്യപാദം വരെ വിപണിയിലുണ്ടായിരുന്നു.

ഐക്കണിക് ബ്രാന്‍റ്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വാഹനങ്ങളിലൊന്നായി 1999ല്‍ മിനി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ബിഎംസിയില്‍ നിന്നും ബ്രിട്ടീഷ് ലെയ്‍ലാന്‍ഡിന്‍റെ ഉള്‍പ്പെടെ പല കൈകളിലൂടെ മിനി മറിഞ്ഞു. ഇതിനിടെ ഓസ്റ്റിന്‍ 850, ഓസ്റ്റിന്‍ കൂപ്പര്‍, ഓസ്റ്റിന്‍ മിനി, മോറിസ് മിനി തുടങ്ങി നിരവധി പേരുകളില്‍, മോഡലുകളില്‍ മിനി വിപണിയിലെത്തിയിരുന്നു.
ജോണ്‍ കൂപ്പറിന്‍റെ തിരിച്ചറിവ്
പ്രമുഖ റേസിംഗ്, റാലി കാര്‍ ഡിസൈനറും കൂപ്പര്‍ കാര്‍ നിര്‍മ്മാണ കമ്പനി തലവനുമായ ജോണ്‍ ന്യൂട്ടന്‍ കൂപ്പര്‍ മിനി കാറുകളുടെ മത്സര ശേഷി തിരിച്ചറിഞ്ഞതോടെയാണ് വിഖ്യാതമായ മിനി കൂപ്പര്‍ കാറുകളുടെ പിറവി. സര്‍ അലക് ഇസിഗോനിസുമായി ചേര്‍ന്ന് കൂപ്പര്‍ രൂപം കൊടുത്ത മോഡലാണ് മിനി കൂപ്പര്‍.
ബിഎംഡബ്ലിയുവിന്‍റെ കൈയ്യിലേക്ക്
പല കൈമറിഞ്ഞ് ഇപ്പോള്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്‍റെ കീഴിലാണ് മിനി കൂപ്പര്‍. റോവര്‍ ഗ്രൂപ്പിന്‍റെ കൈകളില്‍ നിന്നും ഐക്കണിക് ബ്രാന്‍റിനെ 1994ലാണ് ബിഎംഡബ്ലിയു ഏറ്റെടുക്കുന്നത്.
ന്യൂജനറേഷന്‍ മിനി
2001 മുതലാണ് ബിഎംഡബ്ലിയു ന്യൂജനറേഷന്‍ മിനി കാറുകള്‍ പുറത്തിറങ്ങുന്നത്. മിനി ഹാച്ച്, മിനി ക്ലബ് മാന്‍, മിനി കണ്ട്രി മാന്‍, മിനി കൂപ്പെ, മിനി റോഡ്സ്റ്റെര്‍, മിനി പേസ്മാന്‍ തുടങ്ങിയവ മിനി നിരയിലെ പ്രമുഖ മോഡലുകളാണ്. ജെസിഡബ്ല്യു (ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ്) മോഡലുകള്‍ക്കാണ് ആരാധകര്‍, പ്രത്യേകിച്ചു ഇന്ത്യയില്‍ ഏറെയെന്നതും ശ്രദ്ധേയം.
ലാളിത്യത്തില്‍ ഒതുങ്ങിയ ആഢംബരം
ഈ ഇത്തിരി കുഞ്ഞന്‍ മിനി കാറുകള്‍ ഇന്ത്യയില്‍ വന്നിട്ട് ഏറെ കാലമായിട്ടില്ല. ലാളിത്യത്തില്‍ ഒതുങ്ങിയ ആഢംബരം. ഇതാണ് മിനി കൂപ്പറുകളെ ഇന്ത്യന്‍ റോഡുകളില്‍ പ്രിയങ്കരമാക്കുന്നത്.
2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു
ഒടുവില്‍ ഇന്ത്യയിലെത്തിയ മിനി കൂപ്പര്‍ മോഡലുകലിലൊന്നാണ് 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു. നിലവില്‍ കൂപ്പര്‍, കൂപ്പര്‍ എസ് വേരിയന്റുകളിലാണ് മിനി ജെസിഡബ്ല്യു കാറുകള്‍ വന്നെത്തുന്നത്.
കൊച്ചു കാറുകളുടെ രാജാവ്
മിനി കൂപ്പര്‍ എസിന്റെ ജെസിഡബ്ല്യു വേര്‍ഷനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതെന്ന് നേരത്തെ സൂചിപ്പിച്ചു. വാഹനത്തിന്‍റെ 'ലുക്ക്' തന്നെയാണ് ഇതിനു കാരണമെന്ന് വാഹനപ്രേമികള്‍ പറയുന്നു. പോയ കാലത്തെ ട്രാക്ക് അനുഭൂതി നല്‍കുമത്രെ മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു. മാത്രമല്ല അത്യാധുനിക സാങ്കേതിക വിദ്യകളും ഈ മോഡലിനെ സമ്പന്നമാക്കുന്നു. അവ എന്തൊക്കെയാണെന്നു നോക്കാം.

മിനി കണ്ട്രോളര്‍
മിനി കണ്‍ട്രോളറിലൂടെ നാവിഗേഷന്‍, എന്‍ടര്‍ടെയ്ന്‍മെന്റ്, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കാന്‍ സാധിക്കും. 8.8 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് കാറില്‍ ഒരുങ്ങിയിരിക്കുന്നത്. ഡ്യൂവല്‍ ക്ലൈമറ്റ് കണ്‍ട്രോളും, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണും സെന്റര്‍ കണ്‍സോളില്‍ മിനി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, പനോരാമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സറുകള്‍, ഓട്ടോമാറ്റിക് ലൈറ്റ് കണ്‍ട്രോള്‍, 9 സ്പീക്കര്‍ ഹര്‍മാന്‍/കര്‍ദോന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍.
കരുത്തും സുരക്ഷയും
2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ട്വിന്‍ പവര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 212 bhp കരുത്തും 320എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഇസിയുവിലെ റീമാപിംഗും, എയര്‍ ഫില്‍ട്ടര്‍ അപ്ഗ്രഡേഷനും ബട്ടര്‍ഫ്‌ളൈ വാല്‍വോട് കൂടിയ എക്‌സഹോസ്റ്റ് കിറ്റുമെല്ലാം സാധാരണ കൂപ്പര്‍ എസില്‍ നിന്നും 2017 കൂപ്പര്‍ എസ് ജെസിഡബ്ല്യുവിനെ മാറ്റി നിര്‍ത്തുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തെ മുന്നോട്ടു ചലിപ്പിക്കുന്നത്. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങളും മോഡലില്‍ മിനി നല്‍കിയിട്ടുണ്ട്. ഗ്രീന്‍, മിഡ്, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് കാറില്‍ ലഭിക്കുന്നത്. ഗ്രീന്‍ മോഡില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുമ്പോള്‍, സ്‌പോര്‍ട് മോഡില്‍ ഉയര്‍ന്ന കരുത്ത് ലഭിക്കുന്നു.
ബട്ടര്‍ഫ്‌ളൈ വാല്‍വ്
റിമോട്ട് കണ്‍ട്രോളിലൂടെയാണ് വാഹനത്തിന്‍റെ എക്‌സഹോസ്റ്റ് സംവിധാനത്തെ നിയന്ത്രിക്കാന്‍ സാധിക്കുക. റിമോട്ട് കണ്‍ട്രോള്‍ ബട്ടണ്‍ രണ്ട് തവണ അമര്‍ത്തിയാല്‍ എക്‌സഹോസ്റ്റിലെ ബട്ടര്‍ഫ്‌ളൈ വാല്‍വ് തുറക്കപ്പെടും.
മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗം
കേവലം 5.8 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൂപ്പറിന് സാധിക്കും. മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കും
പൊള്ളുന്ന വില
ന്യൂഡല്‍ഹി എക്‌സ്‌ഷോറൂമില്‍ 3410000 രൂപ വിലയിലാണ് 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ലഭ്യമാകുന്നത്. സാധാരണ കൂപ്പര്‍ എസ് വേരിയന്റിനെക്കാളും രണ്ട് ലക്ഷം രൂപ വിലക്കൂടുതല്‍.

