സഞ്ചാരികളേ, നിങ്ങള്‍ ഒരു അദ്ഭുതമൃഗശാലയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സന്ദര്‍ശകര്‍ക്ക് മടയില്‍ക്കിടത്തി കടുവക്കുഞ്ഞിന് കുപ്പിപ്പാലുകൊടുക്കാന്‍ കഴിയുന്ന ഒരു മൃഗശാല. കേട്ടിട്ട് അദ്ഭുതം തോന്നുണണ്ടോ? തായ്‍ലന്റിലെ ശ്രീരച കടുവ പാർക്കാണത്. കുറച്ചുദിവസങ്ങളായി ഇവിടം ഇപ്പോള്‍ ഇന്ത്യന്‍ സഞ്ചാരികളുടെ ഇടയില്‍ സജീവചര്‍ച്ചയാണ്. എന്തുകൊണ്ടെന്നല്ലേ? കഴിഞ്ഞദിവസം ഇവിടെയെത്തിയ കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും ഒരു കടുവക്കുഞ്ഞിന് മടിയിലിരുത്തി പാലുകൊടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണത്.

ആസിയാൻ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അൽഫോൻസ് കണ്ണന്താനവും ഭാര്യ ഷീലയും തായ്‍ലന്‍റിലെത്തിയത്. തുടര്‍ന്ന് ഈ പാർക്കിലെത്തി കടുവയ്ക്ക് പാലും കൊടുത്തു. ഈ ചിത്രങ്ങള്‍ ബാങ്കോക്കിലെ കടുവകൾക്കൊപ്പം 'എന്തൊരു റിലാക്സേഷൻ' എന്ന അടികുറിപ്പോടെ കണ്ണന്താനം ഫേസ്ബുക്കിലുമിട്ടു. ഇതാണിപ്പോള്‍ ചര്‍ച്ചാവിഷയം.

തായ്‍ലന്‍റിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്നും 97 കി.മീ അകലെയാണ് ശ്രീരച ടൈഗര്‍ സൂ. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണ് ഇവിടെ ടൈഗര്‍ ഷോ, എലിഫന്‍റ് ഷോ, പിഗ് റേസ്, ക്രോക്കഡൈല്‍ ഷോ എന്നിങ്ങനെ സ്പെഷ്യല്‍ ഷോകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

പ്രധാന ആകർഷണം കടുവകുഞ്ഞിനെ മടിയില്‍വെച്ച് പാലുകൊടുക്കുവാനുള്ള സുവര്‍ണ്ണാവസരമാണ്. ഞെട്ടേണ്ട കടുവ കുഞ്ഞിനെ മടയിലിരുത്തി ഓമനിച്ചു പാലുകൊടുക്കാം. മടിയിലിരിക്കുന്നത് കടുവയോ എന്നോർത്ത് ഭയപ്പെടേണ്ട. കാരണം പൂച്ചകുട്ടിയെപോലെ പതുങ്ങിയിരിക്കും കടുവകള്‍.

ഏകദേശം 200 കടുവകളും പതിനായിരത്തോളം മുതലകളും ഈ സൂവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സൂവിലെത്തിയാൽ കുട്ടികൾ ഉൾപ്പടെ ആർക്കും കടുവയോടൊപ്പം ചിലവഴിക്കാം. ബംഗാൾ കടുവകളാണ് ഇവിടെ കൂടുതലും. മുതല, കാംഗാരു ഉൾപ്പെടെ ഇരുന്നൂറിലധികം മ‍ൃഗങ്ങളും വൈവിധ്യമാർന്ന പക്ഷികൂട്ടങ്ങളും ഇവിടെയുണ്ട്.