സീറ്റുബെൽറ്റ് ധരിക്കാത്തതിനു ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തിയ യുവാവ് സ്വയം തീ കൊളുത്തി. ചെന്നൈയിലാണ് സംഭവം. തിരുനെല്‍വേലി ശങ്കരൻകോവിൽ സ്വദേശി മണികണ്ഠന്‍ (21) ആണ് സ്വയം തീകൊളുത്തിയത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണികണ്ഠന് 59 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
നഗരത്തിലെ ഐടി ഇടനാഴിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സീറ്റ്ബെൽറ്റു ധരിക്കാത്തതിനു മണികണ്ഠനു പൊലീസ് പിഴ ചുമത്തിയിരുന്നു. ലംഭവം നടക്കുമ്പോള്‍ പൊലീസുമായി തര്‍ക്കത്തിലേർപ്പെട്ട മണികണ്ഠന്‍, ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച മൊബൈലിൽ വീഡിയോയുമെടുത്തു.
സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് കാറിലുണ്ടായിരുന്ന പെട്രോളെടുത്തു ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവാവിനെ കിൽപാവുക് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്നു യാത്രക്കാർ റോഡ് ഉപരോധിച്ചു.
