ഓഫ് റോഡര്‍ എസ്‍യുവി സെഗ്മെന്‍റില്‍ അമ്പരപ്പിക്കുന്നൊരു വാഹന രൂപവുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ സുസുക്കി. ഇ-സര്‍വൈവറെന്നാണ് ഈ പുതിയ മോഡലിന്‍റെ പേര്. 45- മത് ടോക്കിയോ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായിട്ടാണ് ഈ വാഹനം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലുള്ള കോണ്‍സപ്റ്റ് മോഡലിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക്, വ്യത്യസ്തമായ അകത്തളം എന്നിവ ഇ-സര്‍വൈവറിനെ വേറിട്ടതാക്കുന്നു. നിരത്തിലെ ദൃശ്യങ്ങള്‍ ഡ്രൈവറുടെ മുന്നിലെത്തിക്കുന്നത് റിയര്‍വ്യൂ മിററിന് പകരം ക്യാമറകളാണ്. ഭാരം വളരെ കുറഞ്ഞ മോഡലാണ് ഇ-സര്‍വൈവര്‍. ഇതുവഴി പെര്‍ഫോമെന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

രണ്ടു പേര്‍ക്ക് മാത്രമേ ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകം മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ ഡിസൈനെന്നാണ് കമ്പനിയുടെ അവകാശവാദം. തൊണ്ണൂറുകളില്‍ സുസുക്കി വാഹന നിരയിലെ പ്രബലരായിരുന്ന X90, ജിംനി, വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ രൂപകല്‍പന.

ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറ ജിംനിക്ക് സമാനമായി ലാഡര്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020-ല്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ഇ-സര്‍വൈവര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിന്റെ നിര്‍മാണം ആരംഭിക്കും. അതിനാല്‍ ബിഎംഡബ്യു വിഷന്‍ 100 കോണ്‍സെപ്റ്റിന് സമാനമായി സുസുക്കിയുടെ നൂറാം വാര്‍ഷിക സ്‌പെഷ്യല്‍ പതിപ്പായി ഇ-സര്‍വൈര്‍ പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തായാലും ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ടോക്കിയോ ഓട്ടോ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണം ഇ-സര്‍വൈവര്‍ തന്നെയാകുമെന്ന് വാഹനത്തിന്‍റെ രൂപം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

