വാശിയേറിയ മല്‍സരത്തിലായിരുന്നു ടാറ്റയും മഹീന്ദ്രയും. കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയത്തിന്റെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് പദ്ധതിയുടെ ഭാഗമായി പതിനായിരം കാറുകളുടെ ഓര്‍ഡറിന് വേണ്ടിയായിരുന്നു ആ മല്‍സരം. ടാറ്റയും മഹീന്ദ്രയും ഉള്‍പ്പടെ മൂന്നു കമ്പനികളായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഏറെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഏറ്റവും നിര്‍ണായകമായ ഓര്‍ഡര്‍ ടാറ്റ സ്വന്തമാക്കുകയായിരുന്നു. ഒരു കാറിന് ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തതാണ് ഓര്‍ഡര്‍ ടാറ്റയ്‌ക്ക് നേടിക്കൊടുത്തത്. മറ്റു കമ്പനികള്‍ വാഗ്ദ്ധാനം ചെയ്തതിനേക്കാള്‍ 25 ശതമാനം കുറഞ്ഞ തുകയായ 11.2 ലക്ഷം രൂപയ്‌ക്ക് കാറുകള്‍ നല്‍കാമെന്നാണ് ടാറ്റ അറിയിച്ചത്. കൂടാതെ മൂന്നു വര്‍ഷത്തെ വാറന്റിയും നല്‍കാമെന്ന് ടാറ്റ സമ്മതിച്ചു. ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകള്‍ക്ക് സമാനമായ കാറാണ് കമ്പനി ലഭ്യമാക്കുക. രണ്ടുഘട്ടമായാണ് പതിനായിരം കാറുകള്‍ സര്‍ക്കാര്‍ പദ്ധതിക്കായി നല്‍കുക. ഇതില്‍ ആദ്യ ഘട്ടത്തില്‍ 500 കാറുകള്‍ കമ്പനി നല്‍കും. 100 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന 85 കിലോവാട്ട് മോട്ടറാണ് ടിയാഗോ ഇലക്‌ട്രിക് കാറിനള്ളത്. ഇതുകൂടാതെ ബോള്‍ട്ട് മോഡലിന്റെ ഇലക്‌ട്രിക് പതിപ്പും ടാറ്റ അവതരിപ്പിക്കുന്നുണ്ട്.