വിമാനത്തില്‍ നാലുവയസുകാരി മറന്നു വച്ച ടെഡിബിയര്‍ മടക്കിനല്‍കാന്‍ വിമാനം തിരികെ പറന്നത് 300 കിലോമീറ്റര്‍. മകളുടെ കളിപ്പാവ വിമാനത്തില്‍ മറന്ന സംഭവം, അമ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതപ്പോഴാണ് വിമാനജീവനക്കാരുടെ അപൂര്‍വ്വ നടപടി.

സ്കോട്‍ലന്‍റിലാണ് സംഭവം. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വിമാനജീവനക്കാര്‍ പാവയുമായി തിരികെ പറക്കുകയുമായിരുന്നു. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഓക്‌നേയിലേയ്ക്കുള്ള ഫ്‌ളൈലോഗന്‍ എയര്‍ എന്ന വിമാനസര്‍വീസാണ് കുട്ടിയാത്രികയ്ക്കു വേണ്ടി ഇത്തരത്തിലൊരു സേവനം നല്‍കിയത്.

ഫ്‌ളൈലോഗന്‍എയറില്‍ യാത്ര ചെയ്യുകയായിരുന്ന നാലുവയസുകാരി സമ്മറും അമ്മ ഡോണയും ഓക്‌നേയില്‍ വിമാനമിറങ്ങി. പിന്നീടാണ് പാവ നഷ്‍ടമായ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. വിമാനത്താവളത്തില്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന്, മകളുടെ പ്രിയപ്പെട്ട കളിപ്പാട്ടം വിമാനത്തില്‍ മറന്നുവെന്നും അവള്‍ അതിനായി വാശിപിടിക്കുകയാണെന്നും അറിയിച്ച് ഡോണ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

ഡോണയുടെ ഫെയ്‌സ്ബുക്ക് സന്ദേശം ഫ്‌ളൈലോഗന്‍ എയറിലെ ജീവനക്കാരിലൊരാളുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ ടെഡിബെയര്‍ ഞങ്ങള്‍ക്കൊപ്പം സന്തോഷത്തോടെയിരിക്കുന്നുവെന്ന് അറിയിച്ച്, ചിത്രങ്ങള്‍ സഹിതം വിമാനജീവനക്കാര്‍ മറുപടിയും നല്‍കി. തുടര്‍ന്ന് 300 കിലോമീറ്ററിലധികം ദൂരം പാവയുമായി തിരികെ ഓക്‌നേയിലേക്ക് വിമാനം പറന്നു. വിമാനത്താവളത്തില്‍വെച്ചാണ് പാവയെ കൈമാറിയത്.