റോഡിലെ നിയമ ലംഘനങ്ങളും ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം വഴക്കിടലുമൊക്കെ പതിവ് കാഴ്‍ചയാണ്. പലപ്പോഴും കൈയ്യൂക്കുള്ളവരും നാക്കിനെല്ലില്ലാത്തവരുമൊക്കെയാവും അതില്‍ ജയിക്കുക. പ്രതികരിക്കാത്തവരാകും ഭൂരിഭാഗവും.

എന്നാൽ തെറ്റായ സൈഡിലൂടെ വൺവേ തെറ്റിച്ചു വന്ന ജീപ്പ് ഡ്രൈവറെ നിയമം പഠിപ്പിച്ച യുവാവിന്‍റെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം. നിയമം തെറ്റിച്ച കറുത്തജീപ്പിന്‍റെ മുന്നില്‍ യുവാവ് ബൈക്ക് നിര്‍ത്തി അതില്‍ നിന്നും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താന്‍ ഡ്രൈവര്‍ ശ്രമിച്ചിട്ടും യുവാവ് പതിറിയില്ല. പിന്നീട് ഇയാള്‍ യുവാവിനെ കൈയേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്.

സമീപത്തെ കച്ചവടസ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ജീപ്പു കൊണ്ട് പല അഭ്യാസങ്ങള്‍ കാണിച്ചിട്ടും അനങ്ങാപ്പാറ പോലെ മാറാതെ നിന്ന യുവാവിന് മുന്നിൽ ജീപ്പ് ഡ്രൈവർ‌ തോൽക്കുകയായിരുന്നു. ഒടുവില്‍ ജീപ്പ് പുറകോട്ട് എടുത്ത ശേഷമാണ് അയാള്‍ സ്ഥലം കാലിയാക്കിയത്.