മുന്നിലുള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയാലുണ്ടാകുന്ന അപകടങ്ങള്‍ ദേശീയ പാതകളില്‍ പതിവാണ്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണറും ഇത്തരം ഒരു അപകടത്തില്‍പ്പെട്ടു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ജുന്‍ജുനുവിലെ പൊതു ജനറാലി അഭിസംബോധന ചെയ്യാന്‍ പോകുകയായിരുന്ന മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയടെ വാഹനവ്യൂഹമാണ് അപകടത്തില്‍പ്പെട്ടത്. ഗുദ്ദ ഗോര്‍ജി എന്ന സ്ഥലത്തായിരുന്നു അപകടം. വീതി കുറഞ്ഞ റോഡില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഒരു ഫോര്‍ച്യൂണര്‍ എസ്‌യുവി പൊടുന്നനെ ബ്രേക്കിട്ടു.
അപ്രതീക്ഷിതമായി ഫോര്‍ച്യൂണര്‍ ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്ന് പിന്നാലെ സഞ്ചരിച്ച അഞ്ച് കാറുകള്‍ ഒന്നിന് പിറകെ ഒന്നായി ചെന്ന് കൂട്ടിയിടിക്കുകയായിരുന്നു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന മൂന്ന് ഫോര്‍ച്യൂണര്‍ എസ്‌യുവികള്‍ക്കൊപ്പം ഒരു സ്വഫ്റ്റും ഒരു ഡിസൈറുമാണ് അപകടത്തില്‍പ്പെട്ടത്.
കാറുകള്‍ തമ്മില്‍ അകലം പാലിച്ചില്ലെന്നതും വാഹനങ്ങള്‍ വേഗതയിലായിരുന്നുവെന്നതും കൂട്ടിയിടിയില്‍ കലാശിച്ചു. അതേസമയം ആപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കൂട്ടിയിടിയില്‍ വാഹനങ്ങളുടെ മുന്‍ പിന്‍ ബമ്പറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ നിശ്ചിത ദൂരം പാലിക്കണമെന്നതിലേക്കാണ് ഈ വീഡിയോ വിരല്‍ ചൂണ്ടുന്നത്.

