രാജ്യത്തെ തദ്ദേശീയ വാഹന നിർമാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ചെയർമാന്‍ ആനന്ദ് മഹീന്ദ്രയുടെ വാര്‍ഷിക പ്രതിഫലം എത്രയാണെന്ന് അറിയേണ്ടേ? 7.67 കോടി രൂപ. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. 2015 — 16ലെ വേതനത്തെ അപേക്ഷിച്ച് 16.38% അധിക തുകയാണു മഹീന്ദ്രയ്ക്കു കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചതെന്നും മഹീന്ദ്രയിലെ ജീവനക്കാരുടെ ശരാശരി പ്രതിഫലത്തെ അപേക്ഷിച്ച് 108.27 ഇരട്ടിയാണിതെന്നും കമ്പനിയുടെ കണക്കുകൾ തെളിയിക്കുന്നു.

വാർഷിക റിപ്പോർട്ട് അനുസരിച്ച് 7.08 ലക്ഷം രൂപയായിരുന്നു 2016 — 17ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജീവനക്കാരുടെ ശരാശരി വേതനം. മുൻവർഷത്തെ ശരാശരി വേതനത്തെ അപേക്ഷിച്ച് 0.43% അധികമാണിത്. കൂടാതെ മാനേജർ പദവിക്കു താഴെയുള്ള ജീവനക്കാരുടെ വാർഷിക വേതനത്തിൽ 2016 — 17ൽ 1.46% കുറവു നേരിട്ടെന്നും വാർഷിക റിപ്പോർട്ടിലുണ്ട്. മാനേജർ പദത്തിലുള്ളവരുടെ വേതനത്തിലെ കുറവ് 7.35 ശതമാനത്തോളമായിരുന്നു.

കമ്പനി മാനേജിങ് ഡയറക്ടര്‍ പവൻ ഗോയങ്കയ്ക്ക് മുൻവർഷത്തെ അപേക്ഷിച്ച് 15.86% അധികവേതനം ലഭിച്ചു. ഇദ്ദേഹത്തിന് 2016 — 17ൽ ലഭിച്ച പ്രതിഫലം 7.39 കോടി രൂപയാണ്. എംപ്ലോയി സ്റ്റോക് ഓപ്ഷൻ(ഇ എസ് ഒ പി) പോലുള്ള അധിക വരുമാനം ഉൾപ്പെടുത്താതെയുള്ള കണക്കാണിതെന്നും കമ്പനിയിലെ ജീവനക്കാരുടെ ശരാശരി വേതനത്തെ അപേക്ഷിച്ച് 104.43 ഇരട്ടിയാണു ഗോയങ്ക സ്വന്തമാക്കിയതെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.

മഹീന്ദ്ര ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസര്‍ വി എസ് പാർഥസാരഥിക്ക് 2016 — 17ൽ ഇ എസ് ഒ പി അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ3.52 കോടി രൂപ ലഭിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19.74 ശതമാനം വര്‍ദ്ധനവാണിത്.