ദില്ലി: ആരോഗ്യ സംരക്ഷണത്തിന്‍റെ പേരില്‍ കാറിന്‍റെ ഗ്ലാസില്‍ ഫിലിമൊട്ടിക്കാന്‍ അനുവദിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് വഴി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കാറില്‍ ടിന്‍റഡ് ഗ്ലാസ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. 

ദില്ലി സ്വദേശിയായ വിപുല്‍ ഗംഭീര്‍ ആണ് ഹര്‍ജി നല്‍കിയത്. പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി വിപുലിന്‍റെ പരാതി കോടതി തള്ളുകയായിരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ ഉന്നത സാങ്കേതികവിദ്യകളുള്ള ഇക്കാലത്ത് പരിഹരിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. 

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാറുകളില്‍ ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഒരാള്‍ക്ക് മാത്രം ഇതില്‍, ഇളവ് നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് വഴി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇത് ഒഴിവാക്കാന്‍ ടിന്‍റ‍ഡ് ഗ്ലാസ് ഉപയോഗിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നുമായിരുന്നു കോടതിയില്‍ വിപുല്‍ കോചടതിയില്‍ വാദിച്ചത്.