എപ്പോഴാണ് വാഹനത്തിന്റെ ടയര്‍ അവസാനം പരിശോധിച്ചത്?. ഡേറ്റ് ഓര്‍മ്മയില്‍ കിട്ടുന്നില്ലെങ്കില്‍ മാസ ബജറ്റിലൊരുഭാഗം വാഹനത്തിന്റെ പണിക്കായി മാറ്റി വയ്ക്കാന്‍ തയ്യാറായിക്കൊള്ളൂ. കാരണം വാഹനത്തിന്റെ ടയറുകളെക്കുറിച്ച് നിങ്ങള്‍ എത്രമാത്രം ശ്രദ്ധാലുക്കളാണെന്നത് വാഹനത്തിന്റെ പെര്‍ഫോമന്‍സിനെയും അതേ സമയം സുരക്ഷയെയും ബാധിക്കുന്ന കാര്യമാണ്.

1. എപ്പോഴാണ് പഴയ ടയര്‍മാറ്റേണ്ടത്?. പല അഭിപ്രായങ്ങളുണ്ടെങ്കിലും 10 വര്‍ഷത്തോളമെങ്കിലും കഴിഞ്ഞ് മാറ്റണമെന്നാണ് വിദഗ്ദര്‍ പറയുന്നു. ഇത് ഡ്രൈവിങ്ങ് സ്റ്റൈലും ദൂരവും അനുസരിച്ച് വ്യത്യാസം വരും.

2. വെഹിക്കിള്‍ മാനുവലില്‍ നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ മര്‍ദ്ദം എത്രയാണ് വേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇത് നോക്കി മനസിലാക്കിയശേഷം പ്രെഷര്‍ഗേജ് ഉപയോഗിച്ച് പരിശോധിക്കാം. കൃത്യമായ കാറ്റുണ്ടെങ്കില്‍ മൈലേജ് 3 ശതമാനം ഉയര്‍ത്താനാവും. ടയറില്‍ വേണ്ടത്ര കാറ്റില്ലെങ്കില്‍ ട്രെഡുകളിലെ ഗ്യാപ്പ്കുറയുകയും ഗ്രിപ്പ് കുറയുകയും ചെയ്യും ഇത് അപകടത്തിന് കാരണമാകും പിന്നെ മര്‍ദ്ദം കൂടുതലാണോയെന്നതും പരിശോധിക്കാം. തണുത്തിരിക്കുന്ന അവസ്ഥയിലാണ് മര്‍ദം പരിശോധിക്കേണ്ടത്.

3. ടയറിന്റെ പുറംഭാഗം- ടയറിന്റെ ട്രഡ് (ടയറിന്റെ പുറംഭാഗത്തെ ചാലുകള്‍) പരിശോധിക്കുക. ഒരേ പോലെയല്ല തേയുന്നതെങ്കില്‍ വീല്‍ അലൈന്‍മെന്റ് പരിശോധിക്കണം. ടയറില്‍ പൊട്ടലിന്റെ പാടോ മറ്റോ ഉണ്ടോയെന്നും ശ്രദ്ധിക്കാം. വാഹനത്തിന് അമിതമായി വിറയലുണ്ടെങ്കിലും ശ്രദ്ധിക്കുക ടയര്‍ അലൈന്‍മെന്‍റ് തെറ്റിയതിനാലാവാം. ഇത് ടയറിനെ ബാധിക്കുന്നതിന് മുമ്പ് നോക്കിയാല്‍ കുറഞ്ഞത് 10000 രൂപവരെ ലാഭിക്കാം.

4. ടയറുകള്‍ പരസ്പരം മാറ്റിയിടുന്നത് നല്ലതാണ്. ഇത് ഒരു മെക്കാനിക്കിന്റെ സഹായത്തോടെ പരിശോധിച്ചശേഷം നിര്‍ദ്ദിഷ്ടദൂരം പിന്നിടുമ്പോള്‍ ആവശ്യമാണെങ്കില്‍ മാത്രം ചെയ്യുക.

5. കാര്‍ കഴുകുകയാണെങ്കില്‍ കാര്‍ ഷാമ്പൂ പോലെയുള്ളവ മാത്രം ഉപയോഗിക്കുക., റബറുമായി പ്രതിപ്രവര്‍ത്തിക്കുന്ന ആസിഡ്, ആല്‍ക്കലൈന്‍ ശക്തി കൂടുതലുള്ളവ ഉപയോഗിക്കരുത്.

6. അടിയന്തരബ്രേക്കിങ് ടയറുകളുടെ തേയ്മാനം കൂട്ടും.അതേ സമയം തേയ്മാനമുള്ള ടയറുകളാണെങ്കില്‍ അടിയന്തിര ബ്രേക്കിംഗ് അപകടമുണ്ടാക്കുകയും ചെയ്യും.