ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുത്തന്‍ അപ്പാഷെയുടെ കരുത്തുകാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അപ്പാഷെയുടെ തുടര്‍ച്ചയായ RR 310 മോട്ടോര്‍സൈക്കിളിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ബജാജ് ഡോമിനര്‍ റൈഡറുടെ വീഡിയോയാണ് വൈറലാകുന്നത്.
ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയിലാണ് സംഭവം. ബജാജ് ഡോമിനാര്‍ 400 ല്‍ സഞ്ചരിച്ച റൈഡര്‍ക്ക് മുന്നിലൂടെ പുത്തന്‍ അപ്പാഷെ കടന്നുപോയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. അപാഷെയുടെ മുന്നിലെത്താന്‍ ശ്രമിച്ച ഡോമിനര്‍ റൈഡര്‍ എന്നാല്‍ പാരജയം രുചിച്ചു. ഡൊമിനര്‍ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ അപാഷ റൈഡര്‍ കത്തിച്ചുവിട്ടു. ഏറെ നേരം 150 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചിട്ടും അപാച്ചെ RR 310 നെ പിടികൂടാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ഡോമിനാര്‍ റൈഡര്‍ പതിയെ പിന്‍വാങ്ങുന്നത് വീഡിയോയില്‍ കാണാം. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത വരെ കൈരവരിക്കാന്‍ പുതിയ ടിവിഎസ് അപാഷെ RR 310 ന് സാധിക്കുമെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തപ്പെട്ടു.
ബിഎംഡബ്ല്യുവുമായി ചേര്‍ന്ന് 313 സിസി ശേഷിയും 34 ബിഎച്ച്പി കരുത്തുമായി കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് അക്യുലയെ ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ക്കെ ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിപ്പുതുടങ്ങിയതാണ്.
ബിഎംഡബ്ല്യു ജി310 ആര്‍ എന്ന ബൈക്കില്‍നിന്ന് പലഭാഗങ്ങളും അക്യുല സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുകമ്പനികളും ചേര്‍ന്ന് ഇറക്കുന്ന അക്യുല രണ്ട് കമ്പനികളുടേയും സംയുക്തമായ സ്വഭാവങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗോടെയെ വ്യക്തമാകുകയുള്ളൂ. എന്തായാലും വാഹന പ്രേമികളുടെ ഒപ്പം വിപണിയില്‍ ഒരു വന്‍കുതിപ്പ് ടിവിഎസും പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബര്‍ ആറിനാണ് ബൈക്ക് പുറത്തിറക്കുന്നത്.

