2021 ൽ അവതരിപ്പിച്ച രണ്ടാം തലമുറ അക്വയാണ് പരീക്ഷണ മോഡൽ. ഇത് പ്രധാനമായും ജപ്പാനിൽ മാത്രമുള്ള ഒരു ഉൽപ്പന്നമാണ്.

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ അക്വാ ഹൈബ്രിഡ് ഹാച്ച്ബാക്ക് ഇന്ത്യയിൽ പരീക്ഷണ ഓട്ടത്തിന് വിധേയമാക്കുന്നതായി റിപ്പോർട്ട്. കമ്പനിക്ക് ഈ വാഹനം ഇവിടെ പുറത്തിറക്കാൻ പദ്ധതിയില്ലെങ്കിലും, ശക്തമായ ഹൈബ്രിഡ് പവർട്രെയിനിന്റെ സാധ്യത വിലയിരുത്താൻ ടെസ്റ്റ് പതിപ്പ് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. 2021 ൽ അവതരിപ്പിച്ച രണ്ടാം തലമുറ അക്വയാണ് പരീക്ഷണ മോഡൽ. ഇത് പ്രധാനമായും ജപ്പാനിൽ മാത്രമുള്ള ഒരു ഉൽപ്പന്നമാണ്.

ടിഎൻജിഎ-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ടൊയോട്ട അക്വയിൽ 1.5L, 3-സിലിണ്ടർ DOHC പെട്രോൾ എഞ്ചിൻ (91PS/120Nm) ഉണ്ട്. 80PS കരുത്തും 141Nm ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. ഒരു ഇലക്ട്രിക് മോട്ടോറുമായി ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സംയോജിത പവർ ഔട്ട്പുട്ട് 116PS ആണ്. പിൻ സീറ്റുകൾക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന ബൈപോളാർ നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (NiMH) ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാറാണ് അക്വ.

ഇലക്ട്രോണിക് നിയന്ത്രിത സിവിടി ഗിയർബോക്സാണ് ഹാച്ച്ബാക്കിനുള്ളത്. കാറിൽ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി വരുന്നു, അതേസമയം ഇ-ഫോർ (ഇലക്ട്രിക് 4ഡബ്ല്യുഡി) ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. ഈ ഹൈബ്രിഡ് ഹാച്ച്ബാക്ക് ലിറ്ററിന് 35.8 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, 10.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് TFT MID എന്നിവയുള്ള സ്മാർട്ട് കോക്ക്പിറ്റ് ഡിസൈൻ ആണ് ഹാച്ച്ബാക്കിനുള്ളത്. ടൊയോട്ട സ്മാർട്ട് ഡിവൈസ് ലിങ്ക്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിൽ ഉൾപ്പെടുന്നു. ബിൽറ്റ്-ഇൻ നാവിഗേഷൻ സംവിധാനവും ഇതിൽ ഉൾപ്പെടുന്നു. ഫാബ്രിക്, സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റ് റീക്ലൈൻ, 6-സ്പീക്കർ ഓഡിയോ സിസ്റ്റം, ഫ്രണ്ട്, റിയർ യാത്രക്കാർക്കുള്ള യുഎസ്ബി-സി പോർട്ടുകൾ തുടങ്ങിയ സവിശേഷതകളും ഹാച്ചിൽ ഉൾപ്പെടുന്നു.

സുരക്ഷയുടെ കാര്യത്തിൽ, ടൊയോട്ട അക്വാ ഹൈബ്രിഡിൽ 10 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, സ്റ്റിയറിംഗ് അസിസ്റ്റുള്ള ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രേസിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കാൽനടയാത്രക്കാരെയും സൈക്ലിസ്റ്റുകളെയും കണ്ടെത്തുന്നതിനുള്ള പ്രീ-കൊളീഷൻ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.