ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കിടിലന്‍ ഓഫറുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട. ഡ്രൈവ് ദ് നേഷന്‍ എന്ന കമ്പനിയുടെ പ്രത്യേക പാക്കേജില്‍ പുത്തൻ മോഡല്‍ യാരിസിനെയും ഉൾപ്പെടുത്തി.

മിഡ്​ സൈസ്​ സെഡാൻ സെഗ്​മെന്‍റിൽ ഹോണ്ട സിറ്റിക്കും മാരുതി സിയാസിനും വെല്ലുവിളിയുമായി കഴിഞ്ഞ മെയ് 18നാണ് യാരിസ്  വിപണിയിലെത്തുന്നത്.

1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനാണ് യാരിസിന്‍റെ ഹൃദയം. 107 bhp കരുത്തും 140 Nm ടോര്‍ഖും ഈ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും ശൈലി തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് യാരിസിന്റെ പ്രധാന ഫീച്ചറുകളിലുള്ളത്.

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ തെരഞ്ഞെടുക്കാം. സുരക്ഷയ്ക്കായി ഏഴു എയര്‍ബാഗുകളുണ്ട്. ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് വാഹനം ഒരുങ്ങുന്നത്.

J, G, V, VX എന്നീ നാലുവകഭേദങ്ങളിലും മാനുവല്‍, സിവിടി പതിപ്പുകളിലും (MT, CVT) യാരിസ് ലഭിക്കും. പ്രാരംഭ മോഡലായ യാരിസ് J MT വകഭേദത്തിന്റെ വില 8.75 ലക്ഷം രൂപയും യാരിസ് J സിവിടി പതിപ്പിന്റെ പ്രൈസ്ടാഗ് 9.95 ലക്ഷം രൂപയുമാണ്. യഥാക്രമം 10.56 ലക്ഷം, 11.70 ലക്ഷം, 12.85 ലക്ഷം രൂപ പ്രൈസ്ടാഗുകളിലാണ് G, V, VX മാനുവല്‍ വകഭേദങ്ങള്‍ വിപണിയില്‍ എത്തുക. 11.76 ലക്ഷം, 12.90 ലക്ഷം, 14.07 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് G, V, VX ഓട്ടോമാറ്റിക് വകഭേദങ്ങള്‍ എത്തുന്നത്.

2016ലാണ് ടൊയോട്ട ഈ പദ്ധതി ആരംഭിക്കുന്നത്. ടി കെ എമ്മിന്റെ വ്യക്തിഗത വിഭാഗം വിൽപ്പനയിൽ 13% ആയിരുന്നു ‘ഡ്രൈവ് ദ് നേഷൻ’ പ്രചാരണ പരിപാടിയുടെ സംഭാവന. ആകർഷക നിരക്കിലുള്ള വാഹന വായ്പയ്ക്കൊപ്പം ടൊയോട്ട പ്രൊട്ടക്ട് ഇൻഷുറൻസിലും ടൊയോട്ട ജനുവിൻ അക്സസറികളിലുമൊക്കെ ആകർഷക ഇളവുകളും എക്സ്റ്റൻഡഡ് വാറന്റിയുമൊക്കെ പദ്ധതിയിലൂടെ ലഭിക്കും.

പ്രതിരോധ സേനകളിലെ അംഗങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്.  സർവീസിലുള്ളവരും വിരമിച്ചവരുമായ സർക്കാർ ജീവനക്കാർക്കും സൈനികർക്കും എട്ടു വർഷ കാലാവധിയോടെ ഓൺ റോഡ് വില പൂർണമായി തന്നെ വായ്പയായി ലഭിക്കും.

നിലവിലുള്ള പ്രധാന മോഡലുകളായ ഇന്നോവ ക്രിസ്റ്റ, കൊറോള ഓൾട്ടിസ്, എത്തിയോസ് എന്നിവയൊക്കെ ഡ്രൈവ് ദ് നേഷൻ പദ്ധതി പ്രകാരം ലഭ്യമാണ്.