ഇടുക്കി: അവധി ആസ്വദിക്കുന്നതിനായി മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുകയാണ് മൂന്നാര്‍. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടിയും രാജമലയുമടക്കമുള്ള മേഖലകളിലേയ്ക്ക് എത്താന്‍ കഴിയാതെ നിരവധി സഞ്ചാരികളാണ് മടങ്ങിപ്പോകുന്നത്.

സംസ്ഥാനത്തില്‍തന്നെ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ കടന്നുവരുന്ന മേഖലയാണ് തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാര്‍. വര്‍ഷത്തില്‍ മുഴുവന്‍ ദിവസങ്ങളിലും മൂന്നാര്‍ സന്ദര്‍ശകരെകൊണ്ട് നിറയുന്നുണ്ടെങ്കിലും വകുപ്പുകള്‍ സന്ദര്‍ശകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൂന്നാറിലെ ഗതാഗത കുരുക്ക്. ക്രിസ്തുമസ് പുതുവല്‍സര അവധി ആഘോഷിക്കാന്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഒരാഴ്ചക്കിടെ മൂന്നാറിലെത്തിയത്. രാജമലയില്‍ വരയാടുകളെ കാണുന്നതിനും മാട്ടുപ്പെട്ടി കുണ്ടള എന്നിവിടങ്ങളില്‍ ജലാശയത്തില്‍ ബോട്ടിങ്ങ് ആസ്വാദിക്കുന്നതുമാണ് വിനോദസഞ്ചാരികള്‍ എത്തിയത്. ഇവിടെയെല്ലാം വാഹനങ്ങള്‍ നിര്‍ത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാതെ വന്നതോടെ പലരും വാഹനങ്ങള്‍ വഴിയരുകില്‍ നിര്‍ത്തിയതാണ് വിനോദസഞ്ചാരമേഖല ഗതാഗത കുരുക്കിന് കാരണം. 

വാഹനങ്ങള്‍ ഇരുവശങ്ങളിലും നിരന്നതോടെ കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രം കടന്നുപോകുന്ന സ്ഥിതിയാണുള്ളത്. ഇത് ഗതാഗത കുരുക്കിന് ഇടയാക്കി. പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കിവരുന്ന സഞ്ചാരികള്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ അടപ്പെടുന്നതിനാല്‍ പ്രധാന ഭാഗങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയുന്നതുമില്ല. ഇതോടെ മാട്ടുപ്പെട്ടിയും കുണ്ടളയും സന്ദര്‍ശകര്‍ ഒഴിവാക്കാന്‍ തുടങ്ങി. ഈ സീസണില്‍ ആയിരങ്ങള്‍ മൂന്നാറിലെത്തിയെങ്കിലും മാട്ടുപ്പെട്ടിയും കുണ്ടളയും സന്ദര്‍ശിച്ചത് വിരളിലെണ്ണാവുന്നവര്‍ മാത്രമാണ്. ടൂറിസത്തിന്റെ പേരില്‍ മൂന്നാറില്‍ നിന്നും കോടികള്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാരിന് കഴിയാത്തത് വരുംകാലങ്ങളില്‍ മൂന്നാറിന് വന്‍തിരിച്ചടിയാവും സമ്മാനിക്കുക. രണ്ടായിരത്തിപതിനെട്ടില്‍ കുറുഞ്ഞി പൂക്കുന്നതോടെ സഞ്ചാരികളുടെ കടന്നുവരവ് വീണ്ടും വര്‍ദ്ധിക്കുമെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്.