തിരുവനന്തപുരം: തായ്‍ലന്‍റിലേക്കൊരു യാത്ര എന്നത് ആ ദമ്പതികളുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു. എന്നാല്‍ വന്‍തുക ചെലവാക്കേണ്ടി വരുമെന്ന ഭയത്തില്‍ അവര്‍ ആ സ്വപ്നം നെഞ്ചിലൊതുക്കിക്കഴിഞ്ഞു. അങ്ങനിരിക്കെയാണ് തലസ്ഥാനനഗരിയില്‍ നടക്കുന്ന ട്രാവലര്‍ എക്സ്പോയെപ്പറ്റി അവര്‍ അറിയുന്നത്. മേളയിലെത്തിയ അവര്‍ ഒരു ടൂര്‍ ഏജന്‍സി അവതരിപ്പിച്ച തായ്‍ലന്‍റ് പാക്കേജിന്‍റെ തുകയറിഞ്ഞ് അമ്പരന്നു. രണ്ടുപേര്‍ക്ക് ഏകദേശം രണ്ടാഴ്ചയോളം നീളുന്ന യാത്രക്ക് ചെലവ് ഏകദേശം മുപ്പതിനായിരം രൂപയില്‍ താഴെ മാത്രം. എങ്ങനെ അമ്പരക്കാതിരിക്കും? ഒപ്പം ഒരിക്കലും നേരില്‍ക്കാണുമെന്ന് കരുതിയിട്ടില്ലാത്ത വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളുടെ മനംനിറയ്ക്കുന്ന ഓഫറുകളും സ്വീകരിച്ചാണ് ആ ദമ്പതികള്‍ മടങ്ങിയത്.

കേരളത്തിലെ ആദ്യത്തെ സഞ്ചാരമേളയിലേക്ക് മൂന്നുദിവസം കൊണ്ട് ഒഴുകിയെത്തിയത് ആയിരക്കണക്കിനു സഞ്ചാരികള്‍. അവര്‍ക്കുമുന്നില്‍ ചെലവുകുറഞ്ഞ യാത്രകളുടെ അനന്തസാധ്യതകള്‍ തുറന്നിട്ട് സ്മാര്‍ട്ട് ട്രാവലര്‍ എക്സ്പോ 2018ന് ഇന്നു തിരശീലവീഴുകയാണ്. കീശകാലിയാകാതെ കുറഞ്ഞ ചിലവില്‍ വിദേശത്തേക്ക് പറക്കണമെന്ന സ്വപ്നം ഏളുപ്പത്തില്‍ നേടാനായതിന്‍റെ സന്തോഷത്തിലാണ് ഇവരൊക്കെ.

ലോകം ചുറ്റാന്‍ കൊതിക്കുന്നവരെ കീശ കാലിയാക്കാതെ അന്താരാഷ്ട്ര ടൂറീസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ മിതമായ നിരക്കുകളും പുത്തന്‍ ഓഫറുകളുമായി രാജ്യത്തെ പ്രമുഖ ട്രാവല്‍ ടൂര്‍ എജന്‍സികളുടെ ഇരുപതോളം സ്റ്റാളുകളാണ് മേളയില്‍ അണിനിരന്നത്. ഇതിനായി സമഗ്ര പദ്ധതികളാണ് സിംഗപ്പൂർ എയർ ലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയറും ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി നടത്തുന്ന ഓട്ടോ എക്സ്പോയുടെ വലിയ പ്രത്യേകത. യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക തുടങ്ങി ഏഴു വന്‍കരകളിലായി പരന്നു കിടക്കുന്ന ലോകരാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെയുള്ള യാത്രകള്‍ക്ക് പ്രത്യേക ഓഫറുകളുമായിട്ടാണ് ഏജന്‍സികള്‍ മേളയില്‍ എത്തിയിരിക്കുന്നത്. ഒപ്പം ഇന്ത്യന്‍ യാത്രകള്‍ക്കുള്ള മോഹിപ്പിക്കുന്ന പാക്കേജുകളും മേളയിലുണ്ട്.

വേനലവധിക്കാലത്ത് ആരംഭിക്കുന്ന റഷ്യന്‍ ടൂര്‍ പാക്കേജുകളും ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍റ്, ഇറ്റലി പാക്കേജുകളും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും. തെക്കേ അമേരിക്കയുടെ മാസ്‍മരിക സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹമുള്ളവരെ അങ്ങോട്ടു നയിക്കാന്‍ നിരവധി ഏജന്‍സികള്‍ റെഡിയായി നില്‍പ്പുണ്ടിവിടെ. അതുപോലെ വിശുദ്ധഭൂമികളിലേക്ക് തീര്‍ത്ഥയാത്ര ആഗ്രഹിക്കുന്നവര്‍ക്കായും ആകര്‍ഷക പാക്കേജുകളുമുണ്ട്. ഹോളിഡേ ഡെസ്റ്റിനേഷനുകളും ഉള്‍പ്പെടെ യാത്രകളുമായി ബന്ധപ്പെട്ട സകലവിവരങ്ങളും ഈ എക്സോപോയില്‍ നിന്നും ലഭിക്കും.

വാര്‍ദ്ധക്യം യാത്രകളിലൂടെ ആഘോഷമാക്കുന്ന ദമ്പതികളും കന്നി വിദേശ യാത്രയ്ക്കൊരുങ്ങുന്നവരും സാഹസികയാത്രക്കൊരുങ്ങുന്ന യുവമിഥുനങ്ങളുമൊക്കെ മസ്‍കറ്റ് ഹോട്ടലില്‍ നടക്കുന്ന ട്രാവലര്‍ എക്സ്പോയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. സാഹസികയാത്രാവസരങ്ങള്‍ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും ടെക്കികളാണെന്നതാണ് പ്രത്യേകത.

എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് ലക്കി കോണ്ടെസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് സിൽക്ക് എയർ സൗജന്യ യാത്രയും ഒരുക്കും. അവസാനദിവസമായ ഇന്ന് അവധിദിനം കൂടിയായതിനാല്‍ കനത്ത തിരക്കാവും അനുഭവപ്പെടുക.