തിരുവനന്തപുരം: തലസ്ഥാനത്തെ നിരത്തുകളിൽ അപകടം ഉണ്ടായാൽ 100 ഡയൽ ചെയ്താൽ ഇനി മുതൽ അത്യാധുനിക സൗകര്യമുള്ള ആംബലുൻസ് എത്തും. ഐഎംഎയും കേരള പൊലീസും ചേർന്നാണ് ട്രാക്ക് എന്ന പുതിയ പദ്ധതി ഒരുക്കുന്നത്.
അശ്രദ്ധമൂലം ഒരു ജീവൻ പോലും ഇനി നിരത്തിൽ പൊലിയരുത്. ഒരു നിമിഷം മുന്നെ ആശുപത്രിയിലെത്തിച്ചാൽ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാമായിരുന്നു എന്ന ഡോക്ടർമാരുടെ നിസ്സഹായതയും ആവർത്തിക്കപ്പടരുത് . അതാണ് ട്രായുടെ ലക്ഷ്യം.
അപകട സ്ഥലത്തു നിന്ന് പൊലീസിന്റെ നമ്പറായി 100 ഡയൽ ചെയ്താൽ മാത്രം മതി. ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് അപകടവിവരം കൈമാറും. സർവ സന്നാഹങ്ങളുമായി അന്താരാഷ്ട്രനിലവാരമുളള ആംബുലൻസുകളും പ്രത്യേക പരിശീലനം നേടിയ ജീവനക്കാരും പാഞ്ഞെത്തും.
24മണിക്കൂർ സേവനങ്ങളുടെ ഏകോപനത്തിന് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറായി. വിദഗ്ധ ചികിത്സകിട്ടുന്ന ഏറ്റവും അടുത്തുളള ആശുപത്രി, ആംബുലൻസുകളെ നിരീക്ഷിക്കാൻ ട്രാക്കിംഗ് സംവിധാനം തുടങ്ങിയവയെല്ലാം ട്രോമ റസ്ക്യൂ യൂണിറ്റിന്റെ പ്രത്യേകതയാണ്. ആറുമാസം കൊണ്ട് കൊച്ചിയുൾപ്പെടെയുളള നഗരങ്ങളിലേക്കും ട്രായ് എത്തും. ചികില്‍സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ചതോടെയാണ് സമഗ്ര ട്രോമ കെയര്‍ സംവിധാനമെന്ന ആവശ്യം ശക്തമായത്.

