ടിവിഎസ് മോട്ടോഴ്‍സിന്‍റെ പുതിയ വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍ പുറത്തിറങ്ങി. വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍ നിറഭേദങ്ങളിലാണ് പുതിയ മാറ്റ് സീരീസ് ബൈക്കുളുകളുടെ വരവ്. പുതിയ മാറ്റ് നിറത്തിന് പുറമെ വൈസറിന് ലഭിച്ച ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍ടോണ്‍ ബീജ് സീറ്റും ബൈക്കിന്‍റെ സവിശേഷതകളാണ്.

55,890 രൂപയാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസിന്റെ എക്‌സ്‌ഷോറൂം വില. വിക്ടര്‍ പ്രീമിയം എഡിഷനെ ഡിസ്‌ക് ബ്രേക്ക് പരിവേഷത്തില്‍ മാത്രമാണ് ടിവിഎസ് ലഭ്യമാക്കുന്നത്. എന്നാല്‍, വിക്ടറിന്റെ സാധാരണ പതിപ്പില്‍ ഡിസ്‌ക്, ഡ്രം ബ്രേക്ക് ഓപ്ഷനുകളെ കമ്പനി നല്‍കുന്നുണ്ട്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം ക്രാഷ് ഗാര്‍ഡ് എന്നിങ്ങനെ വിക്ടര്‍ പ്രീമിയം എഡിഷന്റെ പ്രത്യേകതകള്‍ നീളുന്നു.

2017 സെപ്തംബര്‍ മാസമാണ് വിക്ടര്‍ പ്രീമിയം എഡിഷനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പുതിയ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 109.7 സിസി ത്രി-വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസില്‍ കരുത്തുപകരുന്നത്. പരമാവധി 9.3 bhp കരുത്തും 9.4 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പുതിയ മാറ്റ് നിറഭേദങ്ങള്‍ക്ക് പുറമെ യെല്ലോ ഗ്രാഫിക്‌സോടെയുള്ള ബ്ലാക് നിറത്തിലും ഗോള്‍ഡന്‍ ഗ്രാഫിക്‌സോടെയുള്ള റെഡ് നിറത്തിലും ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നുണ്ട്.