രണ്ടുവര്‍ഷമായി സൂക്ഷിച്ചുവച്ച 10 രൂപ നാണയങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ വാങ്ങി നല്‍കിയ അപ്രതീക്ഷിത സമ്മാനം കണ്ട് മാതാപിതാക്കള്‍ ഞെട്ടി. ഒരു ഹോണ്ട ആക്ടീവ. ഉദയ്‍പൂരിലാണ് സംഭവം.

എട്ടു വയസുകാരൻ യാഷിനും 13 വയസുകാരി രൂപാലുമാണ് നാണയശേഖരവുമായി ആക്ടീവ വാങ്ങാൻ ഹോണ്ട ഷോറൂമില്‍ എത്തിയത്. കുട്ടികളുടെ രണ്ടു വർഷത്തെ സമ്പാദ്യമായിരുന്നു 62000 രൂപ. പോക്കറ്റ് മണിയായി ലഭിക്കുന്ന പണം പത്തുരൂപ നാണയമാക്കി മാറ്റിയാണ് ഇവർ സൂക്ഷിച്ചിരുന്നത്. വീട്ടുകാർ അറിയാതെ ഒരു ബന്ധുവുമായി ആക്ടീവ വാങ്ങാനാണ് ഇവർ എത്തിയത്. ദീപാവലിക്ക് മാതാപിതാക്കൾക്ക് അപ്രതീക്ഷിത സമ്മാനം നൽകുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ ഹോണ്ട ഡീലർഷിപ്പിൽ നിന്ന് ആദ്യം അനുകൂലമായ മറുപടിയല്ല ലഭിച്ചത്. കുട്ടിക്കളിയാണെന്ന് കരുതി അവര്‍ നിരസിച്ചു. എന്നാൽ കുട്ടികൾ പറഞ്ഞ കഥകേട്ട് വാഹനം വാങ്ങുന്നതിന്റെ ഉദ്ദേശം മനസിലാക്കിയ ഷോറൂം മാനേജർ ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഡീലർഷിപ്പിലെ ജീവനക്കാർ രണ്ടര മണിക്കൂർ സമയമെടുത്താണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയ ശേഷം വണ്ടി നല്‍കിയത്.

രാജ്യത്ത് ഏറ്റവും അധികം വിൽപ്പനയുള്ള ഇരുചക്രവാഹനമാണ് ഹോണ്ട ആക്ടീവ. 2001ല്‍ വിപണിയിലെത്തിയ ഈ ഗീയർരഹിത സ്‌കൂട്ടറിന്‍റെ മൊത്തം ഉൽപാദനം ഒന്നര കോടി യൂണിറ്റിലെത്തിയിരുന്നു. സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 109 സി സി എൻജിനാണ് പുതിയ ആക്ടീവ ഫോർ ജിക്കു കരുത്തേകുന്നത്. പരമാവധി എട്ട് ബിഎച്ച്പി കരുത്തും ഒമ്പത് എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും .

ബി എസ് നാല് നിലവാരമുള്ള എന്‍ജിനൊപ്പം ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഓണ്‍ സൗകര്യവുമായാണു പുതിയ ആക്ടീവ ഫോര്‍ ജി എത്തുന്നത്. മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ്, ഇക്വലൈസര്‍ സാങ്കേതികവിദ്യയുള്ള കോംബി ബ്രേക്ക് തുടങ്ങിയവയും സ്‌കൂട്ടറിലുണ്ട്. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള പരിഷ്‌കരിച്ച 110 സി സി എന്‍ജിനുള്ള ഗീയര്‍രഹിത സ്‌കൂട്ടറിന് 50,730 രൂപയാണ് ഡല്‍ഹിയിലെ ഷോറൂം വില.