തെറ്റായ സൈഡിലൂടെ വൺവേ തെറ്റിച്ചു വന്ന ജീപ്പ് ഡ്രൈവറെ നിയമം പഠിപ്പിച്ച യുവാവ് കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ താരമാണ്. നിയമം തെറ്റിച്ച കറുത്ത ഥാര്‍ ജീപ്പിന്‍റെ മുന്നില്‍ യുവാവ് ബൈക്ക് നിര്‍ത്തി അതില്‍ നിന്നും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താന്‍ ഡ്രൈവര്‍ ശ്രമിച്ചിട്ടും പതിറാതിരിക്കുന്ന ഈ പയ്യന്‍ ആരെന്ന് പലരും അന്വേഷിച്ചിരുന്നു.
ആ യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. അവന്‍റെ പേര് സാഹില്‍ ബാട്ടവ്. സംഭവം നടന്ന നവംബർ മൂന്നുവരെ വെറുമൊരു സാധാരണക്കാരനായിരുന്ന മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ ഈ 22 കാരന്‍ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഹീറോയാണ്. അതിനു കാരണം ഈ വീഡിയോ ആണ്.
റോഡിലെ നിയമ ലംഘനങ്ങളും ഡ്രൈവര്‍മാര്‍ തമ്മില്‍ പരസ്പരം വഴക്കിടലുമൊക്കെ പതിവ് കാഴ്‍ചയാണ്. പലപ്പോഴും കൈയ്യൂക്കുള്ളവരും നാക്കിനെല്ലില്ലാത്തവരുമൊക്കെയാവും അതില്‍ ജയിക്കുക. പ്രതികരിക്കാത്തവരാകും ഭൂരിഭാഗവും. പക്ഷേ നെഞ്ചുറപ്പോടെ പ്രതികരിച്ചാണ് സാഹില്‍ ഹീറോ ആയിരിക്കുന്നത്.
സമീപത്തെ കച്ചവടസ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വണ്‍വേ തെറ്റിച്ച് എത്തിയ ജീപ്പിനെ ബൈക്ക് വെച്ച് തടഞ്ഞ സാഹിലിനെ ഭീഷണിപ്പെടുത്താൻ ജീപ്പ് ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല. തുടർന്ന് സാഹിലിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഒടുവില്‍ ജീപ്പ് പുറകോട്ട് എടുത്ത ശേഷമാണ് അയാള്‍ സ്ഥലം കാലിയാക്കിയത്.
വൺവേ തെറ്റിച്ചെത്തിയ ജീപ്പ് ഡ്രൈവർ ചെയ്തത് തെറ്റാണെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടത് കൊണ്ടാണ് ജീപ്പ് തടഞ്ഞതെന്ന് സാഹില്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പക്ഷേ താൻ തടഞ്ഞിട്ടും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അയാള്‍ തെറ്റ് തിരുത്തിയില്ലെന്നു മാത്രമല്ല ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നും സാഹിൽ പറയുന്നു. ധാരാളം ആളുകൾ കണ്ടു നിന്നെങ്കിലും ചുരുക്കം ചിലർ മാത്രമാണ് തന്റെ ഭാഗം ചേർന്ന് തന്നെ രക്ഷിക്കാൻ എത്തിയത് എന്നും സാഹിൽ പറയുന്നു. ഭൂരിപക്ഷം ആളുകളും ഇതിനെതിരെ പ്രതികരിക്കാത്തത് കഷ്ടമാണെന്നും അയാളുടേത് വളരെ മോശം പെരുമാറ്റമായിരുന്നുവെന്നും സാഹില്‍ പറയുന്നു.
അച്ഛനെ വിവരം അറിയിച്ച ശേഷം പൊലീസ് സ്റേറഷനിലെത്തി ട്രാഫിക് നിയമം തെറ്റിച്ചതിനും പൊതു നിരത്തിൽ വെച്ച് അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും ജീപ്പ് ഡ്രൈവർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു സാഹിൽ പറഞ്ഞു.
