ലയബിലിറ്റി ഇന്‍ഷുറന്‍സ്, പോളിസി ഇന്‍ഷുറന്‍സ് എന്നിങ്ങനെ പ്രധാനമായും രണ്ടു തരം ഇന്‍ഷുറന്‍സുകളാണ് വാഹനങ്ങള്‍ക്കുള്ളത്.

1. ലയബിലിറ്റി ഇന്‍ഷുറന്‍സ്
പുതിയ വാഹനങ്ങള്‍ വാങ്ങിക്കുമ്പോള്‍ വാഹന ഉടമകള്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ടതാണ് ലയബിലിറ്റി ഇന്‍ഷുറന്‍സ്. തേര്‍ഡ് പാര്‍ട്ടികളെയും അവരുടെ പ്രോപ്പര്‍ട്ടികളെയുമാണ് ഈ ഇന്‍ഷുറന്‍സ് പാക്കേജില്‍ കവര്‍ ചെയ്യുന്നത്. അതായത് നമ്മുടെ വാഹനം മറ്റൊരാളുടെ വാഹനത്തില്‍ തട്ടി അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നമ്മുടെ വാഹനത്തിന് ബാധകമല്ലെന്നു ചുരുക്കം.

2. പാക്കേജ് പോളിസി, അഥവാ ഫുള്‍ കവര്‍ പോളിസി
അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് എടുത്ത വാഹനത്തിനും യാത്ര ചെയ്യുന്നവര്‍ക്കും കവറേജ് ലഭിക്കുന്ന പോളിസിയാണിത്. ലയബിലിറ്റി ഇന്‍ഷുറന്‍സും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാക്കേജ് പോളിസിയെ കോംപ്രിഹെന്‍സീവ് പോളിസി എന്നും വിളിക്കും. പാക്കേജ് പോളിസിയില്‍ ഇന്‍ഷുര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍  ഒരു നിശ്ചിത തുക വരെ ക്ലെയിം ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. ഇതിനെ 'കമ്പല്‍സറി എക്‌സസ്' എന്നാണ് പറയുക

(ഉദാ: സ്വകാര്യ കാറുകള്‍ക്ക് 1,000-1,500 രൂപ വരെ ക്ലെയിം നല്‍കാറില്ല).

തന്മൂലം ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കാനും നോ ക്ലെയിം ബോണസ് നിലനിര്‍ത്താനും കഴിയുന്നു. ഇതു കൂടാതെ വാഹന ഉടമയ്ക്ക് സ്വന്തമായി (വളന്ററി എക്‌സസ്) ഒരു തുക നിശ്ചയിച്ച് അത്രയും തുക വരെ ക്ലെയിം ചെയ്യാതിരുന്നാല്‍ പ്രീമിയത്തില്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

നോ ക്ലെയിം ബോണസ്
അപകടങ്ങളില്ലാതെ സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയത്തില്‍ നല്‍കുന്ന ഇളവാണ് നോ ക്ലെയിം ബോണസ്. ഈ വര്‍ഷം പുതിയ വാഹനം വാങ്ങിച്ച് ഉപഭോക്താക്കള്‍ അപകടങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷം പ്രീമിയം അടയ്ക്കുമ്പോള്‍ 20 ശതമാനം തുക കുറച്ച് അടച്ചാല്‍ മതി. രണ്ടു വര്‍ഷവും അപകടമുണ്ടായില്ലെങ്കില്‍ 25 ശതമാനം, മൂന്നു വര്‍ഷം കഴിഞ്ഞാല്‍ 35 ശതമാനം, നാലാം വര്‍ഷം 45 ശതമാനം, അഞ്ചു വര്‍ഷം അപകടമുണ്ടാക്കിയില്ലെങ്കില്‍ 50 ശതമാനം എന്നിങ്ങനെ പ്രീമിയം തുക കുറയും. ഇത് പോളിസി പുതുക്കുമ്പോള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനത്തിന്റെ 90 ദിവസത്തിനകം വീണ്ടും പ്രീമിയം അടച്ചില്ലെങ്കില്‍ നോ ക്ലെയിം ബോണസ് നഷ്ടപ്പെടും.

ഡീ-താരിഫ്
താരിഫ് നിയന്ത്രണം എടുത്തുമാറ്റിയതിനാലും കൂടുതല്‍ കമ്പനികള്‍ വാഹന ഇന്‍ഷുറന്‍സ്‌ രംഗത്തേക്ക് കടന്നുവന്നതിനാലും വാഹനങ്ങള്‍ക്ക് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിച്ച പ്രീമിയത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് കുറഞ്ഞ പ്രീമിയം നിരക്കും മികച്ച സേവനവും ഉറപ്പുവരുത്തണം. ഡീ-താരിഫ് നിലവിലുള്ളതിനാല്‍ വിവിധ കമ്പനികളുടെ പ്രീമിയത്തില്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍, പോളിസികള്‍ താരതമ്യം ചെയ്തശേഷം മാത്രം വാങ്ങുക.

ക്യാഷ് ലെസ് സംവിധാനം
പ്രീമിയം തുകയിലെ വ്യത്യാസം കൂടാതെ ലോഡിങ്, പോളിസിയിലുള്ള ഇന്‍ഷുര്‍ ചെയ്ത തുക, നോ ക്ലെയിം ബോണസിന്റെ സ്ലാബ് എന്നിവയും ശ്രദ്ധിക്കണം. അംഗീകൃത വര്‍ക്‌ഷോപ്പുകളില്‍ നിന്നും 'ക്യാഷ് ലെസ്' സൗകര്യം (ഉപഭോക്താവിന് പണം നല്‍കാതെ, ഇന്‍ഷൂറന്‍സ് കമ്പനി നേരിട്ട് വര്‍ക്‌ഷോപ്പിന് ക്ലെയിം തുക നല്‍കുന്ന സംവിധാനം) ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.

സ്വകാര്യ/വാണിജ്യ ആവശ്യങ്ങള്‍
പുതിയ വാഹനത്തിന്റെ വിലയുടെ 95 ശതമാനം വെച്ചാണ് പോളിസികള്‍ ഇന്‍ഷുര്‍ ചെയ്യുന്നത്. ഓരോ വര്‍ഷം കഴിയുംതോറും ഇന്‍ഷുര്‍ ചെയ്യേണ്ട തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത തുകയ്ക്ക് (ഐ.ഡി.വി.) മാത്രമേ ഇന്‍ഷുര്‍ ചെയ്യാവൂ. എന്നാല്‍ കുറഞ്ഞ വില കാണിച്ച് ഇന്‍ഷൂര്‍ ചെയ്താല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തുകയും ആനുപാതികമായി കുറയുമെന്ന് മറക്കരുത്. സ്വകാര്യ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമുള്ള വാഹനങ്ങളുടെ  പ്രീമിയത്തില്‍ വലിയ മാറ്റമുണ്ട്. അതിനാല്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ വിവരത്തില്‍ കൃത്രിമം കാണിക്കരുത്.   അപകടം ഉണ്ടായി ഒരു ക്ലെയിം കിട്ടേണ്ടി  വന്നാല്‍ പിന്നീടിത് ബുദ്ധിമുട്ടാകും.

ഇന്‍ഷുര്‍ കാലാവധി കഴിഞ്ഞാല്‍
ഇന്‍ഷുര്‍ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് പോളിസി പുതുക്കണമെങ്കില്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് കമ്പനി ഓഫീസര്‍മാരുടെ മുന്നില്‍ വാഹനം ഹാജരാക്കണം. അഥവാ വാഹനം മറ്റൊരാള്‍ക്ക് വിറ്റു കഴിഞ്ഞാല്‍ 15 ദിവസത്തിനകം ഇന്‍ഷുറന്‍സ് പോളിസി പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാനും മറക്കരുത്, അതല്ലെങ്കില്‍, വാഹനത്തിന് ക്ലെയിം ഉണ്ടായാല്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരല്ല.