പകലും കാറുകള്‍ ഹെഡ്‍ലൈറ്റിടണമെന്ന് ജാര്‍ഖണ്ഡ് സർക്കാർ. 2018 ജനുവരി ഒന്ന് മുതല്‍ പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് മാത്രമെ കാറോടിക്കാന്‍ പാടുള്ളൂവെന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് വരുന്ന വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ അപകടങ്ങള്‍ കുറയുമെന്ന പ്രതീക്ഷയിലാണ് ഉത്തരവ്.

റോഡ് സുരക്ഷാ കൗണ്‍സില്‍ അധികൃതരുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്ത്രി രഘുബര്‍ ദാസാണ് ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കിയത്. ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും സംസ്ഥാന പാതകളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് കാറോടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരും. അപകടങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ദേശീയ-സംസ്ഥാന പാതകളില്‍ ട്രോമ-കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

പുതുതായി വിപണിയിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ (AHO) സംവിധാനം നിര്‍ബന്ധമാക്കാന്‍ ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചരുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ഹെഡ്‌ലൈറ്റ് പ്രകാശിക്കുകയാണ് ഓണ്‍ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനത്തിന്റെ ലക്ഷ്യം. 

പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കുന്നത് റോഡ് കൂടുതല്‍ വ്യക്തമായി കാണാന്‍ ഡ്രൈവര്‍മാരെ സഹായിക്കും. ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനം നിലവില്‍ ഇരുചക്രവാഹനങ്ങളില്‍ മാത്രമാണ് നിര്‍ബന്ധമായുള്ളത്. പുതിയ കാറുകളില്‍ ഒരുങ്ങുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇതേ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നതും. മിക്ക വിദേശ രാജ്യങ്ങളിലും കാറുകളില്‍ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ നിര്‍ബന്ധമാണ്.