വാഷിംഗ്ടൺ: കാറുകളിൽ മലിനീകരണ തോത് അളക്കുന്നതിൽ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയർ എഞ്ചിനിൽ ഘടിപ്പിച്ചിരുന്നതായി ഫോക്സ് വാഗൻ കമ്പനിയുടെ കുറ്റസമ്മതം. കൃത്രിമം നടത്തിയതിന് പിഴ ശിക്ഷയായി വിധിച്ച 430 കോടി ഡോളർ നൽകാൻ തയാറാണെന്നും ഫോക്സ് വാഗൻ അറിയിച്ചു.
ഓട്ടോമൊബൈൽ കമ്പനികൾക്ക് നാളിതുവരെ ചുമത്തുന്ന ഏറ്റവും വലിയ പിഴശിക്ഷയാണിത്.
യുഎസ് സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിലാണ് കമ്പനി മേധാവികൾ കുറ്റസമ്മതം നടത്തിയത്. കമ്പനിയിലെ ആറ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഫോഗ്സ് വാഗൻ കമ്പനിയിലെ 40 ഓളം ജീവനക്കാരൻ കൃത്രിമം നടത്തിയത് കണ്ടെത്താതിരിക്കാൻ തെളിവുകൾ നശിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
അമേരിക്കയിൽ വിപണിയിൽ ഇറക്കിയ 590,000 ഓളം ഡീസൽ കാറുകളിലാണ് മലിനീകരണം അളക്കുന്നതിൽ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയർ ഘടിപ്പിച്ചിരുന്നത്. മലിനീകരണ പരിധിയുടെ 40 ഇരട്ടിവരെയായിരുന്നു യഥാർഥ തോത്. എന്നാൽ ആരോപണങ്ങളെ കമ്പനി ആദ്യം നിഷേധിച്ചെങ്കിലും കൃത്രിമം നടത്തിയതായി അന്വേഷണ സംഘം തെളിയിച്ചതോടെ ഫോക്സ് വാഗൻ കമ്പനി കുറ്റസമ്മതം നടത്തുകയായിരുന്നു.
