ലോകത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോണമസായുള്ള വിവിധോദേശ്യ വാഹനമാണ് ഈ ഐഡി ബസെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. സ്ലൈഡിംഗ് ഡോറുകളോടുകൂടി ഡ്യുവൽ ടോൺ നിറത്തിലാണ് ഈ വാഹനമിറക്കിയിരിക്കുന്നത്. തിരക്കില്ലാത്ത നിരത്തുകളില്‍ ടച്ച് പാഡിലുള്ള സ്റ്റിയറിങ്ങിനെ നിയന്ത്രണം ഏല്‍പ്പിച്ച് ഡ്രൈവര്‍ക്ക് പിന്നിലേക്ക് തിരിഞ്ഞിരിക്കാം എന്നത് ഈ വാഹനത്തിന്‍റെ സവിശേഷതകളില്‍ ഒന്നാണ്. 2025 ലക്ഷ്യമാക്കി വികസിപ്പിച്ച ഐ.ഡി പൈലറ്റ് സംവിധാനമാണ് ഈ സാങ്കേതികവിദ്യ സാധ്യമാക്കുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, പിൻഭാഗത്തായി നൽകിയിട്ടുള്ള എൽഇഡി സ്ട്രിപ്പുകൾ, 22 ഇഞ്ച് വീലുകൾ തുടങ്ങിയവയും ഈ വാഹനത്തിന്റെ മുഖ്യ സവിശേഷതകളാണ്. 111 കിലോവാട്ട് അയേൺ ബാറ്ററിയിൽ നിന്നും പവർ വലിച്ചെടുക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബസിന് കരുത്തു പകരുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായാണ് ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മോട്ടോറുകളും ചേർന്ന് 201ബിഎച്ച്പി ഉല്പാദിപ്പിക്കും. ഈ കരുത്തില്‍ മണിക്കൂറില്‍ 160 കി.മി വേഗത്തില്‍ വാഹനത്തിന് കുതിക്കും. അഞ്ച് സെക്കന്‍ഡുകള്‍കൊണ്ട് 100 കി.മി വേഗം ആര്‍ജ്ജിക്കും. മണിക്കൂറിൽ 161.5കിലോമീറ്ററാണ് മൈക്രോബസിന്‍റെ പരമാവധി വേഗത. പുകമലിനീകരണം സൃഷ്ടിക്കാതെ ഒറ്റ ചാർജിൽ 372മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും മൈക്രോബസിനുണ്ട്.

2016 പാരീസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഫോക്സ്‌വാഗണിന്റെ തന്നെ എംഇഡി പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വാഹനം. 4,941എംഎം നീളവും 1,976എംഎം വീതിയും, 1,963എംഎം ഉയരവും, 3,300എംഎം വീൽബേസും. എട്ടുപേർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന അകത്തളം.

ലേസർ സ്കാനർ, അൾട്രാസോണിക് സ്കാനർ, റഡാർ സെൻസർ, ക്യാമറകൾ എന്നിവയും ഇൻഫോടെയിൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്ന റിമൂവബിൽ ടാബ്‌ലറ്റുമൊക്കെ ഈ മൈക്രോബസിനെ വ്യത്യസ്തനാക്കുന്നു. ഈ ഫോര്‍വീല്‍ഡ്രൈവ് ഇലക്ട്രിക് എം.പി.വി 2022 ല്‍ വിപണിയിലെത്തിക്കാനാണ് ഫോക്‌സ് വാഗണ്‍ ലക്ഷ്യമിടുന്നത്.

വരാനിരിക്കുന്നത് ഇലക്ട്രിക് കാര്‍ യുഗമാണെന്ന് തിരിച്ചറിഞ്ഞാണ് ഐ.ഡി ബസ് കോണ്‍സെപ്റ്റ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ബസിന്‍റെ മുന്നിലും പിന്നിലുമുള്ള ഇലക്ട്രിക് മോട്ടോര്‍ ഇലക്ട്രിക് മൊബിലിറ്റി എന്ന ഭാവി മുദ്രാവാക്യത്തെ യാഥാര്‍ത്ഥ്യമാക്കുന്നു. 2020-ൽ ഇലക്ട്രിക് യുഗത്തിന് തുടക്കമാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

അഞ്ച് സീറ്റുള്ള ഐ.ഡി ഇലക്ട്രിക് ഹാച്ച്ബാക്ക് ഫോക്സ് വാഗണ്‍ കഴിഞ്ഞ വര്‍ഷത്തെ പാരീസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചത് ഇതിന്‍റെ ഭാഗമാണ്. ഇലക്ട്രിക് ക്രോസോവര്‍, സലൂണ്‍, സ്‌പോര്‍ട്‌സ് കാര്‍ എന്നിവയും ഫോക്‌സ് വാഗണ്‍ ഇനി വികസിപ്പിക്കും. ഇലക്ട്രിക് മൊബിലിറ്റി എന്നതാവും ഫോക്‌സ് വാഗണിന്റെ ഭാവി മുദ്രാവാക്യം. 2020 ഓടെ കമ്പനി ഇലക്ട്രിക് യുഗത്തിന് തുടക്കം കുറിക്കും. 2025 ഓടെ ഇലക്ട്രിക് വാഹന വില്‍പന വ്യാപകമാക്കുമെന്നും ഫോക്സ് വാഗണ്‍ അവകാശപ്പെടുന്നു.