Asianet News Malayalam

ജാഗ്രത, ഈ ഹെല്‍മറ്റ് അപകടകരം; പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും

ഹൈടെക്ക് ഹെല്‍മറ്റുകള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ ഇത്തരം ഹെല്‍മറ്റുകള്‍ ധരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു

Warning Against High Tech Helmet
Author
Trivandrum, First Published Jan 26, 2019, 10:37 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസം ഏകദേശം നൂറോളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹനാപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം.

ഈ സാഹചര്യത്തിലാണ് അടുത്തിടെ വിപണിയിലെത്തിയ ഹൈടെക്ക് ഹെല്‍മറ്റുകള്‍ വാര്‍ത്തയാകുന്നത്. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ള  ഈ ഹെല്‍മറ്റ് മൊബൈല്‍ ഫോണുമായി നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സാങ്കേതികവിദ്യയോടു കൂടിയതാണ്. അതായത് ബൈക്കോ, സ്‍കൂട്ടറോ ഓടിക്കുന്നതിനിടയില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി, മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാതെ സംസാരിക്കാനും പാട്ടുകള്‍ കേള്‍ക്കാനും ഈ ഹെല്‍മറ്റിലൂടെ സാധിക്കുമെന്ന് ചുരുക്കം. 

എന്നാല്‍ ഇത്തരം ഹെല്‍മറ്റുകള്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ തന്നെ ഇത്തരം ഹെല്‍മറ്റുകള്‍ ധരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്  മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

മൊബൈലില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് അപകടകരമാണ്. മാത്രമല്ല ഇത്തരം ഹെല്‍മറ്റ് ധരിച്ചാല്‍ പുറത്തു നിന്നുള്ള ശബ്ദം ഒട്ടും കേള്‍ക്കാന്‍ സാധിക്കില്ല. മൊബൈലില്‍ സംസാരിക്കുന്നതു കൂടാതെ ബൈക്കോടിക്കുമ്പോള്‍ പാട്ടുകേള്‍ക്കുന്നതും അത്യന്തം അപകടകരമാണ്. ഇത്തരം ഹെല്‍മറ്റുകള്‍ റോഡിലെ മറ്റു യാത്രക്കാരെയും ഡ്രൈവര്‍മാരെയുമൊക്കെ അപകടത്തില്‍പ്പെടുത്തും. ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റോഡിലെ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സ്വാഭാവികമായും ജാഗ്രത കാണിക്കും. ഹോണടിച്ചും കൃത്യമായ അകലം പാലിച്ചും ഇത്തരം വാഹനങ്ങള്‍ അപകടമുണ്ടാക്കുന്നത് അവര്‍ ഒരുപരിധിവരെ തടയും. എന്നാല്‍ ഹൈടെക്ക് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടിയോടിക്കുന്നത് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനാവില്ല. സ്വാഭാവികമായും അപകട നിരക്ക് ഉയരും. 

ഇത്തരം ഹാന്‍ഡ്‍സ് ഫ്രീ സംവിധാനം നിയമ വിധേയമാക്കിയ രാജ്യങ്ങള്‍ പോലും ഇപ്പോള്‍ അത് തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം ഹെല്‍മറ്റുകളുടെ വില്‍പ്പന നിരോധിക്കണമെന്ന വാദത്തില്‍ കഴമ്പില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. "കാരണം മോട്ടോര്‍ സൈക്കിള്‍ ഹെല്‍മറ്റ് എന്നു പറഞ്ഞായിരിക്കില്ല കമ്പനി പേറ്റന്‍റ് എടുക്കുക.  നിര്‍മ്മാണ മേഖലയിലേക്കെന്നോ പിന്‍സീറ്റ് യാത്രികര്‍ക്കുള്ളാതെന്നോ വാദിക്കാം. അപ്പോള്‍ നിയമവിധേയമായി നിരോധിക്കാന്‍ പറ്റില്ല. അതിനാല്‍ യാത്രികര്‍ തങ്ങളുടെ ജീവന്‍റെ വില തിരിച്ചറിഞ്ഞ് ഇവ സ്വയം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്." മോട്ടാര്‍ വാഹന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

എന്തായാലും ഈ ഹെല്‍മറ്റ് ധരിച്ച് സംസാരിച്ചുകൊണ്ട് ഇരുചക്രം വാഹനം ഓടിച്ചാല്‍ നിലവിലെ നിയമപ്രകാരം കേസെടുക്കാനാണ് അധികൃതരുടെ നീക്കം. ഇങ്ങനെ പിടികൂടുന്നവര്‍ക്ക് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നിതിനുള്ള പരമാവധി ശിക്ഷയായിരിക്കും നല്‍കുക. മാത്രമല്ല ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ഒപ്പം പിഴയടപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios