ഉത്തര കൊറിയയിലേക്കു പോയ ഒരു കപ്പല്‍ കൂടി ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഉപരോധം മറികടന്ന് ഉത്തര കൊറിയയ്ക്ക് എണ്ണ നൽകുന്നുവെന്ന സംശയത്തിലാണ് നടപടി. പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്. 5,100 ടൺ‌ ഓയിൽ ഉൾക്കൊള്ളുന്ന കപ്പലാണിത്. ചൈന, മ്യാൻമർ എന്നീ രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരാണു കപ്പലിൽ. ദക്ഷിണ കൊറിയൻ ഇന്റലിജന്റ്സ് ഏജൻസി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.

ഹോങ്കോങ് രജിസ്ട്രേഷനിലുള്ള കപ്പല്‍ നേരത്തെ ദക്ഷിണ കൊറിയ പിടിച്ചെടുത്തിരുന്നു. സംസ്കരിച്ച എണ്ണ കൈമാറിയെന്ന സംശയത്തെ തുടർന്നായിരുന്നു ലൈസ് ഹൗസ് വിൻമോർ എന്ന കപ്പല്‍ ദക്ഷിണ കൊറിയ ആദ്യം പിടിച്ചെടുത്തത്. 

ഉത്തരകൊറിയയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതു യുഎൻ രക്ഷാസമിതി നിരോധിച്ചിരിക്കുകയാണ്. തുടർച്ചയായ മിസൈൽ, ആണവ പരീക്ഷണങ്ങളെ തുടർന്നാണു യുഎൻ രക്ഷാസമിതി ഉത്തര കൊറിയയ്ക്ക് ഉപരോധം ഏർപ്പെടുത്തിയത്. 

ഈ ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് എണ്ണ എത്തിക്കുന്ന കപ്പലുകള്‍ ചൈന - ഹോങ്കോങ്ക് കമ്പനികളുടേതാണെന്നാണ് യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആരോപണം.