
ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സഞ്ചാരത്തിന് തുറന്നുകൊടുത്തു. സ്വിറ്റ്സർലൻഡിലാണ് ഈ നടപ്പാലത്തിന് 494 മീറ്റര്‍ (1621 അടി) ആണ് നീളം. ആൽപ്‌സ് പ്രവിശ്യയായ വാലിസ്സിലെ സെർമാറ്റ്, ഗ്രെഹൻ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 65 സെന്‍റീ മീറ്ററാണ് വീതി.

പാലത്തിന്റെ തറനിരപ്പിൽനിന്ന് ഏറ്റവും കൂടിയ ഭാഗത്തെ ഉയരം 85 മീറ്ററാണ്. നേരത്തേ ഇവിടെയുണ്ടായിരുന്ന തൂക്കുപാലം കല്ലുവീഴ്ച കാരണം അപകടാവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് മികച്ച സുരക്ഷാ നിബന്ധനകളോടെ നീളം കൂടിയ പാലം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. രണ്ടര മാസംകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 7.5 ലക്ഷം സ്വിസ് ഫ്രാങ്കാണ് നിര്‍മ്മാണച്ചെലവ്. സമീപത്തെ അഞ്ചു പഞ്ചായത്തുകളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ചേർന്നാണ് ഈ തുക കണ്ടെത്തിയത്.

പ്രധാനമായും ട്രക്കിങ്ങിന് പോകുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പാലം. ഏകദേശം അര കിലോമീറ്ററോളം നീളമുണ്ടെങ്കിലും എത്ര ആളുകൾ കയറിയാലും ഉലച്ചിൽ സംഭവിക്കാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം. സെര്‍മാറ്റ്, ഗ്രെഹന്‍ ടൗണുകള്‍ തമ്മിലുള്ള സഞ്ചാരത്തിന് പാലം വന്നതോടെ മൂന്നു മണിക്കൂറോളം ലാഭം കിട്ടും. ഉദ്‌ഘാടനച്ചടങ്ങുകളൊന്നും ഇല്ലാതെയാണ് പാലം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്.

