സാഹസികരായ സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത. വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹ കണ്ടെത്തിയിരിക്കുന്നു. കിഴക്കന്‍ മെക്‌സികോയിലാണ് ലോകത്തിലെ വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹയെന്ന് അവകാശപ്പെടുന്ന തുരങ്കം കണ്ടെത്തിയത്. ഒരുകൂട്ടം മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയ ഈ ഗുഹ്ക്ക് സാക് ആക്ച്ചന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പുരാതന മായന്‍ സംസ്‌കാരത്തിലേക്ക് പുതിയ വെളിച്ചം വീശാന്‍ സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍.
യുക്കാറ്റന്‍ ഉപദ്വീപിലെ റ്റുലിം ബീച്ച് റിസോര്‍ട്ടിന് സമീപമാണ് ഗുഹ. മെക്‌സികോയിലെ രണ്ട് ഗുഹകളെ ബന്ധിപ്പിക്കുന്ന ഈ ഗുഹയ്ക്ക് 347 കിലോമീറ്റര്‍ നീളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്കാറ്റന്‍ ഉപദ്വീപിലെ ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണവും പഠനവും ലക്ഷ്യമിട്ടുള്ള പദ്ധതിയായ ഗ്രാന്‍ അക്വൈഫിറോമായയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ് ഗുഹ കണ്ടെത്തിയത്.
മെക്‌സികോയിലെ യുക്കാറ്റന്‍ ഉപദ്വീപില്‍ മായന്‍ ജനതയുടെ സ്മരണ പുതുക്കുന്ന സ്മാരക കുടീരങ്ങള്‍ നിരവധിയുണ്ട്. പുതുതായി കണ്ടെത്തിയ ഗുഹയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

