അപരിചിതര്‍ക്ക് കാറില്‍ ലിഫ്റ്റ് കൊടുത്ത യുവാവിന് 2000 രൂപ പിഴ

നവി മുംബൈ: അപരിചിതര്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയാല്‍ പിഴയടക്കേണ്ടി വരുമോ? വരുമെന്നാണ് മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറുടെ അനുഭവം വ്യക്തമാക്കുന്നത്. കനത്ത മഴയില്‍ കാറില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍ ബസ് കാത്ത് നിന്നിരുന്ന മൂന്നു പേരെ കാറില്‍ കയറ്റിയതിന് രണ്ടായിരം രൂപ പിഴയാണ് നിതിന്‍ നായര്‍ എന്ന ചെറുപ്പക്കാരന് മേല്‍ ചുമത്തിയത്. 

നവി മുംബൈയിലെ ഐറോളിയിലാണ് സംഭവം. മുതിര്‍ന്ന പൗരനടക്കം മുന്ന് പേര്‍ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് നിന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് നിതിന്‍ ഇവര്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. നിതിനെ തടഞ്ഞ് നിര്‍ത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ 2000 രൂപ പിഴയിടുകയായിരുന്നു. അപരിചിതര്‍ക്ക് വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. യുവാവിന്റെ ലൈസന്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ വന്ന് വാങ്ങാന്‍ നിര്‍ദേശിച്ച് വാങ്ങിവയ്ക്കുകയും ചെയ്തു.

പൊലീസ് സ്റ്റേഷനില്‍ പിഴയടക്കാന്‍ എത്തിയ യുവാവിനോട് പിഴ കോടതിയില്‍ ചെന്ന് അടക്കാനും പൊലീസുകാര്‍ നിര്‍ദ്ദേശിച്ചു. ഗതാഗത നിയമം 66/192 അനുസരിച്ചാണ് യുവാവിനെതിരെ പിഴ ചുമത്തിയത്. ടാക്സി പെര്‍മിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനത്തില്‍ അപരിചിതരെ കയറ്റുന്നതിന് പിഴ ശിക്ഷ വിധിച്ചിട്ടുള്ള വകുപ്പാണ് 66/192. കോടതിയില്‍ എത്തിയ യുവാവിനെ കോടതി പിഴയില്‍ ഇളവ് നല്‍കിയത് മൂലം 1500 രൂപയേ അടക്കേണ്ടി വന്നുള്ളു. 

സംഭവത്തെക്കുറിച്ച് യുവാവ് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ ഇത്തരമൊരു നിയമത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും മഴ നനഞ്ഞ് ബുദ്ധിമുട്ടി നിന്നവരെ സഹായിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രമായിരുന്നു സഹായം വാഗ്ദാനം ചെയ്തതെന്നും യുവാവ് പോസ്റ്റില്‍ വിശദമാക്കുന്നു. യുവാവിന്റെ പോസ്റ്റ് വൈറലായതോടെ സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് നവി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നിതിന്‍ പവാര്‍ വിശദമാക്കി.


എന്നാല്‍ സഹജീവിയെ സഹായിക്കാന്‍ മനസു കാണിച്ചയാളെ ശിക്ഷിച്ചത് ശരിയല്ലെന്നാണ് നിതിന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍. ഈ അവസ്ഥ തുടര്‍ന്നാല്‍ അപകടത്തില്‍ പെട്ട ഒരാളെ സഹായിക്കാന്‍ പോലും ആളുകള്‍ മടിക്കുമെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.