ഒരു എലിമിനേഷന്റെ എല്ലാ നാടകീയതകളും നിറഞ്ഞതായിരുന്നു ബിഗ് ബോസിലെ ഞായറാഴ്ച എപ്പിസോഡ്. ഈ സീസണിലെ ആദ്യ എലിമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരായിരുന്നു ഇടംപിടിച്ചത്. രജിത് കുമാര്‍, രാജിനി ചാണ്ടി, അലസാന്‍ഡ്ര, സുജോ മാത്യു, സോമദാസ്, എലീന പടിക്കല്‍ എന്നിവര്‍. നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ രാജിനി ചാണ്ടിയാണ് ഈ വാരം പുറത്തേക്ക് പോകുന്നതെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് ആദ്യമായെത്തിയ അംഗം തന്നെയാണ് ആദ്യമായി പുറത്തേക്ക് പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒരാള്‍ പുറത്ത് പോകുന്നതോടെ പതിനാറ് പേരാണ് ബിഗ് ബോസ് ഹൗസില്‍ ഇനി അവശേഷിക്കുന്നത്. അതേസമയം ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. അതേസമയം തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ മറ്റൊരു സര്‍പ്രൈസ് കാത്തിരിക്കുന്നുവെന്ന സൂചന നല്‍കിയാണ് ബിഗ് ബോസ് ഞായറാഴ്ച എപ്പിസോഡ് അവസാനിപ്പിച്ചത്.

ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ ഫുക്രുവിനോട് നിങ്ങള്‍ക്ക് പോകാനുള്ള സമയമായിരിക്കുന്നുവെന്ന് ബിഗ് ബോസ് പറയുന്നതായിരുന്നു ദൃശ്യങ്ങളില്‍. സഹമത്സരാര്‍ഥികള്‍ അമ്പരന്ന് നില്‍ക്കുന്നതിനിടെ തന്റെ പെട്ടിയും സാധനങ്ങളുമെടുത്ത് പുറത്തേക്ക് പോകുന്ന ഫുക്രുവിനെയും കാണാം. 'നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ യാത്ര പറഞ്ഞ് മുന്‍ വാതിലിലൂടെ പുറത്തേക്ക് വരാനും' ബിഗ് ബോസ് ഫുക്രുവിന് നിര്‍ദേശം കൊടുക്കുന്നുണ്ട്. 

 

വാരാന്ത്യ എപ്പിസോഡുകളിലൊഴികെ എലിമിനേഷന്‍ ബിഗ് ബോസില്‍ പതിവില്ലാത്തതാണ്. അതിനാല്‍ത്തന്നെ ബിഗ് ബോസിന്റെ ഒരു 'ഗെയിം' ആയിരിക്കാം ഇതെന്ന് ഫേസ്ബുക്കിലെ ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇനി ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കായുള്ള കളമൊരുക്കലാണോ ഇതെന്നും ചില ബിഗ് ബോസ് ആരാധകര്‍ സംശയിക്കുന്നു. അതെന്തൊക്കെയായാലും ആകാംക്ഷ നിറഞ്ഞ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാവും ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.