ഇറ്റാലിയൻ സ്പോർട്‍സ് ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാട്ടിയുടെ ബൈക്ക് ശ്രേണിയിലെ പുത്തൻ താരോദയമാണ് സൂപ്പർലെജ്ജെറ വി4. ഈ വർഷം ആഗോള വിപണിയിലെത്തിയ ഡ്യുക്കാട്ടി സൂപ്പർലെജ്ജെറ വി4-ന് ഏകദേശം 76 ലക്ഷം രൂപയാണ് വില. ആകെ 500 എണ്ണം സൂപ്പർലെജ്ജെറ വി4 യൂണിറ്റുകൾ മാത്രമേ നിർമിക്കാൻ ഡ്യുക്കാട്ടിയ്ക്ക് പദ്ധതിയുള്ളൂ. 500 യൂണിറ്റുകൾക്കും പ്രത്യേക ക്രമ നമ്പറുണ്ടാകും. ഇതിൽ ആദ്യ ബൈക്ക് (001/500) കഴിഞ്ഞ ദിവസം ഡ്യുക്കാട്ടി ഉടമയ്ക്ക് കൈമാറിയിരിക്കുകയാണ് കമ്പനി.

ബെൽജിയം സ്വദേശിയായ ഫിലിപ് വാൻ ഷിൽ ആണ് ആദ്യ ഡ്യുക്കാട്ടി സൂപ്പർലെജ്ജെറ വി4-ന്റെ ഉടമ. കടുത്ത ഡ്യുക്കാട്ടി ആരാധകനായ ഫിലിപ്പിനുള്ള ഡെലവറിയും സ്‍പെഷ്യലായിരുന്നു. ഡ്യുക്കാട്ടിയുടെ ബോർഗോ പാനിഗാലെയിലെ പ്ലാന്റിലേക്ക് പ്രത്യേകം ക്ഷണിച്ചാണ്‌ ബൈക്ക് ഡെലിവറി ചെയ്തത്. ഫാക്ടറിയിൽ തന്റെ ബൈക്ക് നിർമ്മിക്കുന്നത് നേരിൽ കണ്ടും നിർമ്മിച്ചവരോട് സംസാരിച്ചതിനും ശേഷമാണ് ഫിലിപ് ബൈക്ക് ഏറ്റുവാങ്ങിയത്. ഡുക്കാട്ടിയുടെ സിഇഓ ക്ലോഡിയോ ഡൊമിനിസെല്ലിയോ നേരിട്ടാണ് ബൈക്കിന്‍റെ താക്കോൽ കൈമാറിയത്.

ഭാരവും പവറും കണക്കിലെടുക്കുമ്പോൾ ലോകത്തിന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും മികച്ച പവർ-ടു-വെയ്റ്റ് റേഷ്യോ ഉള്ള ബൈക്കുകളിൽ ഒന്നാണ് ഡ്യുക്കാട്ടി സൂപ്പർലെജ്ജെറ വി4. ഡ്യുക്കാട്ടിയുടെ എല്ലാ പുത്തൻ സാങ്കേതിക വിദ്യകളും ഈ ബൈക്കില്‍ സമന്വയിപ്പിച്ചിരിക്കുന്നു. ഡെസ്മോസെഡിസി സ്ട്രേഡേൽ ആർ 998 സിസി എഞ്ചിൻ ആണ് ബൈക്കിന്‍റെ ഹൃദയം. സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റിൽ 224 ബിഎച്ച്പി പവറും 116 എൻഎം പീക്ക് ടോർക്കും ഈ എൻജിൻ സൃഷ്‍ടിക്കും. ട്രാക്ക് ഉപയോഗത്തിന് മാത്രമുള്ള അക്രപോവിക് എക്‌സ്‌ഹോസ്റ്റ് ഘടിപ്പിച്ചാൽ പവാർ 234 ബിഎച്ച്പി ആയും ടോർക്ക് 119 എൻഎം ആയും ഉയരും.

വിലകൂടിയ കാർബൺ ഫൈബറിൽ തീർത്ത ഫ്രെയിം, സബ്ഫ്രെയിം, സ്വിങ് ആം, അലോയ് വീലുകൾ എന്നിവയാണ് സൂപ്പർലെജ്ജെറ വി4-നെ വേറിട്ടതാക്കുന്നത്. പാനിഗാലെ വി4 അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സൂപ്പർലെജ്ജെറ വി4-ന്റെ ഭാരം വെറും 154 കിലോഗ്രാം മാത്രമാണ്. ഓപ്ഷണലായി തിരഞ്ഞെടുക്കാവുന്ന അക്രപോവിക് എക്‌സ്‌ഹോസ്റ്റ് കൂടെ ചേർത്താൽ ഭാരം 152 കിലോഗ്രാം ആയി കുറയും.