ബ്രിട്ടീഷ് ആഡംബര ഇരുചക്രവാഹന  നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RSന്റെ വില വര്‍ധിപ്പിച്ചു. 11.13 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ നിലവിലെ എക്സ്ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ 20,000 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ വാഹനത്തിന്‍റെ  എക്സ്ഷോറൂം വില 11.33 ലക്ഷം രൂപയായി ഉയര്‍ന്നു. 

അതേസമയം ബൈക്കില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയേക്കില്ല. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ കൂട്ടിച്ചേര്‍ത്ത ബഗ്ഗ് ഐഡ് ഹെഡ്ലാമ്പ്, സൈഡ് പാനലുകളില്‍ RS ബാഡ്ജിങ്, പുതിയ ഗ്രാഫിക്‌സ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗോപ്രോ നിയന്ത്രണങ്ങളോടുകൂടിയ കളര്‍ ടിഎഫ്ടി ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

റോഡ്, റൈന്‍, സ്‌പോര്‍ട്ട്, ട്രാക്ക്, റൈഡര്‍ കോണ്‍ഫിഗറബിള്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത റൈഡിങ് മോഡുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. യൂറോ V മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ (ബിഎസ് VI) പാലിക്കുന്ന 765 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍-ലൈന്‍-ട്രിപ്പിള്‍ എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം.  ഈ എഞ്ചിന്‍ 123 bhp കരുത്തും 79 Nm torque ഉം സൃഷ്ടിക്കും. മുന്‍ മോഡലിനെ അപേക്ഷിച്ച് ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

സീറ്റ് കൗള്‍, ബെല്ലി പാന്‍, റിയര്‍ വ്യൂ മിററുകള്‍ എന്നീ ഭാഗങ്ങളും കമ്പനി പരിഷ്‌കരിച്ചു. പുതിയ ടൈറ്റാനിയം സില്‍വര്‍ മെയിന്‍ ഫ്രെമിലാണ് 2020 സ്ട്രീറ്റ് ട്രിപ്പിള്‍ RS നിര്‍മ്മിച്ചിരിക്കുന്നത്. മുൻവശത്ത് ഇരട്ട ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഒരു ഡിസ്ക് യൂണിറ്റുമാണ് ബ്രേക്കിംഗ്. അധിക സുരക്ഷയ്ക്കായി, ഇതിന് ഇരട്ട-ചാനൽ എബിഎസ് ലഭിക്കുന്നു. 

മുന്നില്‍ 41 എംഎം ഷോവ ഫോർക്കുകളും പിന്നിൽ ഒഹ്‌ലിൻസ് എസ്ടിഎക്സ് 40 പൂർണ്ണമായും ക്രമീകരിക്കാവുന്ന പിഗ്ഗിബാക്ക് റിസർവോയറുമാണ് മോട്ടോർസൈക്കിളിന്റെ സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. 166 കിലോഗ്രാം ഭാരം വരുന്ന ഈ ബൈക്ക് 800 സിസി വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുകളില്‍ ഒന്നാണ്.