Asianet News MalayalamAsianet News Malayalam

കനത്ത പ്രതിസന്ധി നേരിട്ട് സാങ്കേതിക വിദ്യാഭ്യാസ മേഖല; 2021 ൽ പൂട്ടുന്നത് 63 എഞ്ചിനീയറിം​ഗ് കോളേജുകൾ

2015-2016 വർഷം മുതലാണ് എഞ്ചിനീയറിം​ഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷകളിൽ വർദ്ധനവുണ്ടായത്. ഇന്ത്യയിലെ എഞ്ചിനീയറിം​ഗ് സ്ഥാപനങ്ങളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണ് ഇപ്പോഴുള്ളത്. 

63 engineering institutes shut in this academic year
Author
Delhi, First Published Jul 29, 2021, 1:38 PM IST

ദില്ലി: എഞ്ചിനീയറിം​ഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷകൾ വർദ്ധിക്കുകയും നിലവിലുള്ള കോളേജുകളിൽ സീറ്റുകളുടെ എണ്ണം ​ഗണ്യമായ രീതിയിൽ കുറയുകയും ചെയ്ത സാഹചര്യത്തിൽ എഞ്ചിനീയറിം​ഗ് സീറ്റുകളുടെ എണ്ണത്തിൽ വൻ ഇടിവ്. 2015-2016 വർഷം മുതലാണ് എഞ്ചിനീയറിം​ഗ് കോളേജുകൾ അടച്ചുപൂട്ടാനുള്ള അപേക്ഷകളിൽ വർദ്ധനവുണ്ടായത്. ഇന്ത്യയിലെ എഞ്ചിനീയറിം​ഗ് സ്ഥാപനങ്ങളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണ് ഇപ്പോഴുള്ളത്. അഖിലേന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ  ഏറ്റവും പുതിയ  കണക്ക് പ്രകാരം ബിരുദ ബിരുദാനന്തര, ഡിപ്ലോമ മേഖലകളിലെ എഞ്ചിനീയറിം​ഗ് സീറ്റുകൾ 23.28 ലക്ഷമായി കുറഞ്ഞു എന്നാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ വിശദമാക്കുന്നു. 

ആറ് വർഷത്തിനിടയിൽ പത്ത് ലക്ഷത്തോളം എൻജിനിയറിങ് സീറ്റുകൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  2014-15 കാലത്ത് രാജ്യത്തൊട്ടാകെ എഐസിറ്റിഇ അം​ഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 32 ലക്ഷം  എൻജിനിയറിങ് സീറ്റുകളാണ് ഉണ്ടായിരുന്നത്.  2015-16 വർഷം മുതൽ എല്ലാ വർഷവും ഏകദേശം 50 എ‍ഞ്ചിനീയറിം​ഗ് കോളേജുകളാണ് അടച്ചുപൂട്ടുന്നത്. ഈ വർഷം 63 കോളേജുകൾക്കാണ് എഐസിറ്റിഇ അടച്ചുപൂട്ടാൻ അനുമതി നൽകിയിരിക്കുന്നത്. 

പുതിയ എഞ്ചിനീയറിം​ഗ് കോളേജുകൾ ആരംഭിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയിരിക്കുന്നവയുടെ എണ്ണവും അഞ്ചുവർഷത്തിനുള്ളിലെ ഏറ്റവും കുറവാണ്. പുതിയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് എ ഐ സി ടി ഇ രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 2020-21 മുതൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് തടയുന്നതിനാണ് രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. 

63 engineering institutes shut in this academic year

(ഗ്രാഫ് കടപ്പാട്: ദ് ഇന്‍ഡ്യന്‍ എക്സ്പ്രസ്)

2021-2022 അക്കാദമിക് വർഷത്തിൽ എഐസിടിഇ 54 പുതിയ എൻജിനിയറിങ് സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരുകൾക്കുള്ള താൽപര്യം പരിഗണിച്ചാണ് ഈ അനുമതി. ചെയർമാൻ അനിൽ ശാസ്ത്രബുദ്ധോയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം  വ്യക്തമാക്കിയിരിക്കുന്നത്. മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മുമ്പ് 2017-18 2018-19, 2019-2020 എന്നീ വർഷങ്ങളിൽ യഥാക്രമം 143, 158, 153 എണ്ണം വീതം പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകിയിരുന്നു. 

2016-17 വർഷങ്ങളിൽ 3291 എഞ്ചിനീയറിം​ഗ് കോളേജുകളിലെ 15.5 ലക്ഷം ബിരുദ സീറ്റുകളിൽ 51 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ സർവ്വേയിൽ വെളിപ്പെട്ടിരുന്നു. മൂന്നു മാസക്കാലത്തെ അന്വേഷണത്തെ തുടർന്നാണ് 2017 ൽ ഇന്ത്യൻ എക്സ്പ്രസ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏതാനും ആഴ്ചകൾക്കുശേഷം, 2018-19 അധ്യയന വർഷം മുതൽ അധികം വിദ്യാർത്ഥികൾ ചേരാത്ത കോഴ്സുകളിലെ സീറ്റ് പകുതിയായി കുറയ്ക്കുന്നതിനുള്ള തീരുമാനം എ ഐ സി ടി ഇ പ്രഖ്യാപിച്ചു. 2019 ൽ പുതിയ സ്ഥാപനങ്ങളിൽ രണ്ടുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം 26 കോളേജുകൾ മാത്രമാണ് അടച്ചുപൂട്ടിയത്. എന്നാൽ ഈ വർഷം 63ലേക്ക് ഈ കണക്ക് ഉയർന്നിരിക്കുകയാണ്. 2017-18ലാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കൂടുതൽ കോളജുകൾ അടച്ചു പൂട്ടിയത്. 73 എണ്ണം. 2016- 17 ൽ അത് 70 ആയിരുന്നു.
 

Follow Us:
Download App:
  • android
  • ios