Asianet News MalayalamAsianet News Malayalam

കോളേജ്, സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകൾ സെപ്റ്റംബറിൽ; തീരുമാനത്തിനെതിരെ ആദിത്യ താക്കറേ സുപ്രീം കോടതിയിൽ

പരീക്ഷ നടത്താൻ അനുവദിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യവും ഉത്കണ്ഠയും സുരക്ഷയും അവ​ഗണിക്കുകയാണെന്ന് യുവസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Aaditya Thackeray moved to supreme court for not held final year exam
Author
Mumbai, First Published Jul 19, 2020, 1:31 PM IST

മുംബൈ: സർവ്വകലാശാല പരീക്ഷകൾ സെപ്റ്റംബറിൽ നടത്തണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ യുവജന വിഭാ​ഗമായ യുവസേനയുടെ നേതാവുമായ ആദിത്യ താക്കറേ സുപ്രീം കോടതിയിൽ ഹർജി നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്കൂളുകളും കോളേജുകളും അടച്ചിടുകയും പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു. എന്നാൽ കോളേജുകൾക്കും സർവ്വകലാശാലകൾക്ക് സെപ്റ്റംബറിൽ അവസാന വർഷ പരീക്ഷ നടത്താമെന്ന്  യുജിസി തീരുമാനിക്കുകയായിരുന്നു. യുവസേനയാണ് പരാതി നൽകിയിരിക്കുന്നത്.  

'വിഷയം പരാമർശിച്ച് യുജിസിക്കും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിരുന്നു. പരീക്ഷ നടത്താനുള്ള തീരുമാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിൽ നിന്ന് ഞങ്ങളെ സമീപിച്ചു. തുടർന്നാണ് ആദിത്യ താക്കറേയും നിർദ്ദേശത്തെ തുടർന്ന് റിട്ട് പെറ്റീഷൻ ഫയൽ ചെയ്തത്.' യുവസേന സെക്രട്ടറി വരുൺ സർദേശായി പറഞ്ഞു. 

'പരീക്ഷ കൊണ്ട് ഒരാളുടെ അക്കാദമിക മികവിനെ വിലയിരുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. പരീക്ഷ വേണമെന്ന് വിദ്യാർത്ഥികൾക്ക് തോന്നുകയാണെങ്കിൽ കൊവിഡിന് ശേഷം അവർ പരീക്ഷയ്ക്ക് ഹാജരാകട്ടെ.' താക്കറേ ട്വീറ്റിൽ പറഞ്ഞു. പരീക്ഷ നടത്താൻ അനുവദിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യവും ഉത്കണ്ഠയും സുരക്ഷയും അവ​ഗണിക്കുകയാണെന്ന് യുവസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

കൊവിഡ് 19 ദേശീയ ദുരന്തമാണ്. ഇത് മനസ്സിലാക്കി യുജിസി അവസാന വർഷ പരീക്ഷകൾ റദ്ദ് ചെയ്യേണ്ടതാണ്. രാജ്യം ഇപ്പോൾ നേരിടുന്ന ധർമ്മസങ്കടത്തിന്റെ മുഴുവൻ വ്യാപ്തിയും യുജിസി മനസ്സിലാക്കിയിട്ടില്ലെന്ന് വേണം കരുതാനെന്നും യുവസേന പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളും ഇൻവിജിലേറ്റര്‍മാരും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ‌ കൊവിഡ് ബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഐഐടി പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ പരീക്ഷ കാൻസൽ ചെയ്തിരിക്കുകയാണെന്നും യുവസേന ചൂണ്ടിക്കാട്ടി. ഓരോ വിദ്യാർത്ഥിയുടെയും ആരോ​ഗ്യ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ യുജിസിക്ക് കഴിയുമോ എന്നും ആദിത്യ താക്കറേ ട്വീറ്റിൽ ചോദിച്ചു. 

Follow Us:
Download App:
  • android
  • ios