Asianet News MalayalamAsianet News Malayalam

Plus one Admission| നവംബർ 23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും: മന്ത്രി വി. ശിവൻകുട്ടി

മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

allow more seats plus one admission
Author
Trivandrum, First Published Nov 8, 2021, 9:01 AM IST

തിരുവനന്തപുരം: പ്ലസ് വൺ പഠനം (Plus one Admission) ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് (New batch plus one) അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ   നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിവഹിക്കുകയായിരിക്കുന്നു അദ്ദേഹം.

സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു.  മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപെങ്ങുമില്ലാത്തവിധത്തിലാണ് പൊതു വിദ്യാലയങ്ങളിൽ  അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

85000 ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റില്ലെന്ന് മനസ്സിലാക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയിൽ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അൺ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം  മന്ത്രി ആവർത്തിച്ചെങ്കിലും താഴത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവിൽ സർക്കാർ സമ്മതിയ്ക്കുകയായിരുന്നു.

കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്‍റ് ക്വാട്ട, പ്രവേശനം തീർന്ന് ഒക്ടോബര്ർ 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ബാച്ച് തന്നെ അനുവദിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പുതിയ ബാച്ച് അടക്കം അനുവദിക്കാതെ സർക്കാർ വിദ്യാർത്ഥികളുടെ നീറുന്ന പ്രശ്നത്തോട് മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മിടുക്കരായവർ പുറത്ത് നിൽക്കുമ്പോഴും സർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios