Asianet News MalayalamAsianet News Malayalam

NEET Topper| ആദ്യവിജയം തൃപ്തനാകാതെ, രണ്ടാം തവണയും നീറ്റ് പരീക്ഷയെഴുതി നാലാം റാങ്ക് സ്വന്തമാക്കി അമൻ

എന്നാൽ ഇതിലും മികച്ച വിജയം നേടാൻ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അമൻ. അങ്ങനെ 2021 ലെ നീറ്റ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഖിലേന്ത്യാ തലത്തിൽ നാലാം റാങ്ക് നേടിയാണ് അമൻ കുമാർ ത്രിപാഠി എന്ന വിദ്യാർത്ഥി വിജയം കൈപ്പിടിയിലൊതുക്കിയത്. 
 

Aman kumar tripathi got fourth rank NEET exam 2021
Author
Lucknow, First Published Nov 8, 2021, 3:05 PM IST


ലക്നൗ: നീറ്റ് പോലെയുള്ള മത്സരപരീക്ഷകളിൽ (NEET Exam 2021) പങ്കെടുത്ത് വിജയിക്കുക, ആദ്യ റാങ്കുകളിലൊന്നിൽ ഇടം പിടിക്കുക എന്നീ കാര്യങ്ങളൊക്കെ ഏതൊരു വിദ്യാർത്ഥിയെയും സംബന്ധിച്ച ആ​ഗ്രഹങ്ങളാണ്. ഇത്തരം മത്സരപരീക്ഷകളിൽ വിജയിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. എന്നാൽ മികച്ച വിജയം നേടിയിട്ടും അതിൽ തൃപ്തി വരാതെ രണ്ടാമതൊന്നു കൂടി പരീക്ഷയഴുതി ആദ്യത്തേതിലും മികച്ച വിജയം സ്വന്തമാക്കിയവർ വിരളമായിരിക്കും. എന്നാൽ അക്കൂട്ടത്തിൽ പെടുന്ന വിദ്യാർത്ഥിയാണ് ഉത്തർപ്രദേശ് സ്വദേശിയായ (Aman Kumar Tripathi) അമൻ കുമാർ ത്രിപാഠി. ദേശീയതല പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ ഒരു തവണ വിജയിക്കാൻ വിദ്യാർത്ഥികൾ കഠിനപരിശ്രമം നടത്തുമ്പോൾ അമൻ രണ്ട് തവണ പരീക്ഷയെഴുതി, രണ്ടുപ്രാവശ്യവും മികച്ച വിജയം നേടി. 

2020 ലാണ് അമൻ ആദ്യമായി പരീക്ഷയെഴുതിയത്. സ്വയം പഠിച്ചതിന് ശേഷമാണ് പരീക്ഷക്ക് തയ്യാറെടുത്തതെന്ന് അമൻ പറയുന്നു. ആദ്യശ്രമത്തിൽ തന്നെ 30,000ത്തിൽ ഇടം പിടിക്കാനും സാധിച്ചു. എന്നാൽ ഇതിലും മികച്ച വിജയം നേടാൻ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അമൻ. അങ്ങനെ 2021 ലെ നീറ്റ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഖിലേന്ത്യാ തലത്തിൽ നാലാം റാങ്ക് നേടിയാണ് അമൻ കുമാർ ത്രിപാഠി എന്ന വിദ്യാർത്ഥി വിജയം കൈപ്പിടിയിലൊതുക്കിയത്. 

720ൽ 716 മാർക്കാണ് അമന് ലഭിച്ചത്. ആദ്യ തവണ നേടിയ വിജയത്തിൽ തനിക്ക് മികച്ച കോളേജുകൾ ലഭിച്ചില്ലെന്ന് അമൻ പറയുന്നു. 'പക്ഷേ കൂടുതൽ മികച്ച വിജയം നേടാൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതിനാൽ അടുത്ത തവണയും കൂടി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കാൻ ഞാൻ തീരുമാനിച്ചു.' ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അമൻ കുമാർ പറഞ്ഞു. കോച്ചിം​ഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ് തയ്യാറെടുത്തത്. അമന്റെ അച്ഛൻ രാജേന്ദ്രപ്രസാദ് ത്രിപാഠി സർക്കാർ സ്കൂൾ അധ്യാപകനാണ്. അമ്മ മീര ത്രിപാഠി വീട്ടമ്മ. സഹോദരൻ പിസിഎസ് പരീക്ഷക്ക് തയ്യാറെടുക്കുന്നു. 

'ഡോക്ടറാകാനാണ് ആ​ഗ്രഹം. അച്ഛന്റെയും അമ്മയുടെയും ആ​ഗ്രഹവു അതു തന്നെയാണ്.' ബിരുദപഠനത്തിനായി ദില്ലി എയിംസിൽ പ്രവേശനം നേടാനാണ് അമൻ ആ​ഗ്രഹിക്കുന്നത്. എട്ടാം ക്ലാസ് വരെ ബന്ദയിലെ സ്കൂളിലായിരുന്നു പഠനം. തുടർപഠനത്തിനായി ലക്നൗവിലെ സ്കൂളിലേക്ക് പോയി. ലക്നൗ സെൻട്രൽ അക്കാദമിയിൽ നിന്ന്  97.2 ശതമാനം മാർക്കുമായി പത്താം ക്ലാസ് പൂർത്തിയാക്കി. ലയോള ഇന്റർനാഷണൽ സ്കൂളിൽ നിന്ന് 95.8 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസും പൂർത്തിയാക്കി. പിന്നീട് നീറ്റ് പരീക്ഷക്ക് തയ്യാറെടുപ്പ് തുടങ്ങി. 

പഠിക്കാൻ പ്രത്യേക സമയമോ ദിനചര്യകളോ ഇല്ലായിരുന്നു. എൻസിഇആർടിയുടെ പുസ്തകങ്ങളെയാണ് പഠനത്തിനായി ആശ്രയിച്ചത്. അതുപോലെ തന്നെ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പ്രാധാന്യം നൽകി പഠിച്ചു. ഓരോ ദിവസവും ഓരോ വിഷയങ്ങൾ പഠിച്ചു. എത്ര സമയം ചെലവഴിക്കേണ്ടി വന്നാലും ഒരു ദിവസം ഒരു വിഷയം പൂർണ്ണമായും പഠിച്ചു തീർക്കും. പഠനത്തിലെ കൃത്യനിഷ്ഠ ഇങ്ങനെയായിരുന്നു എന്ന് അമൻ പറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ക്ലാസുകൾ ഓഫ്‍ലൈനിൽ നിന്ന് ഓൺലൈനിലേക്ക് മാറിയത് ചില പ്രതിസന്ധികൾ സൃഷ്ടിച്ചു. അധ്യാപകരുമായി ആശയവിനിമയം നടത്താൻ സാധിച്ചില്ല. പരീക്ഷക്ക് സഹായവും പിന്തുണയും നൽകി സഹോദരനും ഒപ്പമുണ്ടായിരുന്നു എന്ന് അമൻ കുമാർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios