Asianet News MalayalamAsianet News Malayalam

എൻ.ഐ.ആർ.എഫ് റാങ്കിംഗ് 2021; രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കൽ കോളേജായി അമൃത

തുടർച്ചയായി ഇത് അഞ്ചാം വർഷമാണ് രാജ്യത്തെ മികച്ച 10 സർവകലാശാലകളുടെ പട്ടികയിൽ അമൃത ഇടംപിടിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ റാങ്കിംഗിലും ഇത്തവണ അമൃതയ്ക്ക് മുന്നിലെത്താനായി

Amrita Vishwa Vidyapeetham emerges as sixth best university in NIRF Ranking 2021
Author
Kochi, First Published Sep 9, 2021, 10:28 PM IST

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2021 ലെ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ രാജ്യത്തെ മികച്ച ആറാമത്തെ മെഡിക്കൽ കോളേജായി കൊച്ചി അമൃത തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ ഏഴാം സ്ഥാനത്തായിരുന്ന അമൃത ഇത്തവണ മികച്ച മുന്നേറ്റവുമായാണ് ആറാം സ്ഥാനത്തേക്കുയർന്നത്. ആദ്യ പത്ത് റാങ്കുകളിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള ഏക മെഡിക്കൽ കോളേജ് എന്ന നേട്ടവും അമൃതയ്ക്കുണ്ട്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഒന്നാം സ്ഥാനത്ത്. ഫാർമസി കോളേജ്, ഡെന്റൽ കോളേജ് വിഭാഗങ്ങളിലെ റാങ്കിംഗിലും ഇത്തവണ തിളക്കമാർന്ന നേട്ടമാണ് അമൃത സ്വന്തമാക്കിയത്. ഫാർമസി റാങ്കിംഗിൽ 12 ാം സ്ഥാനവും ഡെന്റൽ കോളേജ് വിഭാഗത്തിൽ 13 ാം റാങ്കും അമൃതയ്ക്കാണ്. മുൻ വർഷത്തേക്കാൾ മികച്ച റാങ്കിംഗ് ആണിത്. 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോൾ റാങ്കിംഗിലും ഇത്തവണ അമൃതയ്ക്ക് മുന്നിലെത്താനായി. ഓവറോൾ റാങ്കിംഗിൽ 12 ാം സ്ഥാനമാണ് അമൃത നേടിയത്. സർവകലാശാലകളുടെ റാങ്കിംഗിൽ 5 ാം സ്ഥാനവും എഞ്ചിനീയറിംഗ് കോളേജുകളുടെ റാങ്കിംഗിൽ 16 ാം സ്ഥാനവും ഇത്തവണ അമൃത സ്വന്തമാക്കി. തുടർച്ചയായി ഇത് അഞ്ചാം വർഷമാണ് രാജ്യത്തെ മികച്ച 10 സർവകലാശാലകളുടെ പട്ടികയിൽ അമൃത ഇടംപിടിക്കുന്നത്. സർവകലാശാലയുടെ അക്കാദമിക്, ഫാക്കൽറ്റി മികവും മറ്റ് സൗകര്യങ്ങളും അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അമൃത വിശ്വ വിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി വെങ്കട്ട് രംഗൻ പറഞ്ഞു. 

വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് ഈ വർഷത്തെ എൻഐആർഎഫ് റാങ്കിംഗ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിനായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗമായ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) എല്ലാ വർഷവും റാങ്കുകൾ പ്രഖ്യാപിക്കുന്നത്. ഓവറോൾ, സർവകലാശാല, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഫാർമസി, കോളജ്, മെഡിക്കൽ, നിയമം, ആർക്കിടെക്ച്ചർ, ഡെന്റൽ, റിസർച്ച് തുടങ്ങി 11 വിഭാഗങ്ങളിലായാണ് റാങ്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios