ലക്നൗ: ഐവി ലീ​ഗ് യൂണിവേഴ്സിറ്റികളിൽ പഠിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിസമർത്ഥരായ വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭിക്കുക. ലോകത്തിലെ തന്നെ പ്രശസ്തിയാർജ്ജിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കോണൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാനായതിന്റെ സന്തോഷത്തിലാണ് അനുരാ​ഗ് തിവാരി എന്ന വിദ്യാർത്ഥി.

ഇത്തവണത്തെ പ്ലസ്ടൂ പരീക്ഷയിൽ 98.2 ശതമാനം വിജയം നേടിയാണ് അനുരാ​ഗ് തന്റെ സ്വപ്നത്തിലേക്കുള്ള വഴിയൊരുക്കിയത്. ഉത്തർപ്രദേശിലെ ലഖിംപൂർ ജില്ലയിലെ സരസൻ ​ഗ്രാമത്തിലാണ് അനുരാ​ഗിന്റെ വീട്. യുഎസിലെ കോണെൽ സർവ്വകലാശാല സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തതായും അവിടെ സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നതപഠനം നടത്താനാണ് തീരുമാനമെന്നും അനു​രാ​ഗ് പറഞ്ഞു. 

ഹ്യുമാനിറ്റീസ് ആണ് പ്ലസ്ടൂവിന് അനുരാ​ഗ് തെരഞ്ഞെടുത്ത്. കണക്ക് 95, ഇം​ഗ്ലീഷിന് 97, പൊളിറ്റിക്കൽ സയൻസ് 99 ഹിസ്റ്ററിക്കും ഇക്കണോമിക്സിനും 100 എന്നിങ്ങനെയാണ് അനുരാ​ഗിന് ലഭിച്ച മാർക്ക്. അമേരിക്കയിലെ പ്രശസ്തമായ കോളേജുകളിൽ പ്രവേശനം നേടാനായി നടത്തുന്ന സ്കോളസ്റ്റിക് അസ്സസ്മെന്റ് ടെസ്റ്റിൽ അനുരാ​ഗ് നേടിയത് 1370 മാർക്കാണ്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഈ പരീക്ഷ. അതേ മാസം തന്നെ പ്രവേശനം ലഭിച്ചതായി അറിയിച്ചു കൊണ്ടുള്ള കത്ത് അനുരാ​ഗിന് ലഭിച്ചു. ബോർഡ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. 

ഇത്രയും മികച്ച വിജയത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല എന്ന് അനുരാ​ഗ് പറയുന്നു. സീതാപൂർ ജില്ലയിലെ റെസിഡൻഷ്യൻ സ്കൂളിലേക്ക്സാ മാറുന്ന സമയത്ത് സാമ്പത്തികസ്ഥിതി  ആയിരുന്നു പ്രതിസന്ധി. മൂന്ന് സഹോദരിമാരും അച്ഛനും അമ്മയും ഉൾപ്പെടുന്നതാണ് അനുരാ​ഗിന്റെ കുടുംബം. അച്ഛൻ കർഷകനാണ്. അമ്മ വീട്ടമ്മയും. 

'സീതാപൂരിലേക്ക് അയക്കാൻ ആദ്യം അച്ഛനും അമ്മയും വിമുഖത കാണിച്ചിരുന്നു. പഠിക്കാൻ പോയാൽ ഞാൻ കാർഷിക വൃത്തിയിലേക്ക് മടങ്ങി വരില്ലെന്ന് അവർ കരുതി. എന്നാൽ‌ എന്നെ പഠിക്കാൻ അയക്കാൻ സഹോദരിമാർ നിർബന്ധിച്ചു. അവരെ പഠനത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത് സഹോദരിമാരാണ്. എന്നാൽ ഇപ്പോൾ എല്ലാവരും എന്നക്കുറിച്ച് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.' അനുരാ​ഗ് തിവാരി സന്തോഷത്തോടെ വെളിപ്പെടുത്തി. 

ആറാം ക്ലാസിന് ശേഷമാണ് ഇപ്പോഴത്തെ സ്കൂളിലെത്തിയത്.  സ്കൂളിൽ ചേർന്ന് ആദ്യത്തെ രണ്ട് വർഷം ഇം​ഗ്ലീഷ് സംസാരിക്കാൻ വളരെയധികം ബുദ്ധിമുട്ടി. പിന്നീട് വളരെയധികം പരിശ്രമിച്ചാണ് ഇം​ഗ്ലീഷിൽ അനായാസം സംസാരിക്കാൻ പഠിച്ചതെന്നും അനുരാ​ഗ് കൂട്ടിച്ചേർത്തു. 

'പഠിക്കാൻ ഹ്യുമാനിറ്റീസ് തെരഞ്ഞെടുത്തപ്പോൾ പലരും കുറ്റപ്പെടുത്തിയിരുന്നു. സയൻസ് വിഷയം തെരഞ്ഞെടുക്കാൻ പലരും ഉപദേശിച്ചിട്ടും അതെല്ലാം മറികടന്നാണ് പത്താം ക്ലാസിന് ശേഷം ഹ്യുമാനിറ്റീസ് എടുത്തത്. ലിബറൽ ആർട്സ് തെര‍ഞ്ഞെടുത്താൽ ഐവി ലീ​ഗ് കോളേജുകളിൽ ഉപരി പഠനത്തിന് ശ്രമിക്കാമെന്ന് അധ്യാപകർ പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്തും മികച്ച കോളെജുകളുണ്ട്. എന്നാൽ വിദേശത്ത്  വിഷയത്തിന് മുൻ​ഗണന നൽകി പഠിക്കാൻ സാധിക്കും. അങ്ങനെയാണ് കോണെൽ സർവ്വകലാശാലയിലെ പ്രവേശന പരീക്ഷയിൽ പങ്കെടുത്തത്.' വിദേശ പഠനത്തിനായി എത്തിച്ചേർന്നതിനെ കുറിച്ച് അനുരാ​ഗ് പറയുന്നു. 

വരുന്ന ഓ​ഗസ്റ്റിൽ യുഎസിലേക്ക് പോകാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ വിസ, യാത്രാ നിയന്ത്രണങ്ങൾ മൂലം പോകാൻ സാധിച്ചില്ല. ഇനി അടുത്ത വർഷമേ അവിടെ എത്താൻ‌ സാധിക്കൂ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരു​ദാനന്തര ബിരുദം നേടാനാണ് തീരുമാനം. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിപരിചയെ നേടിയതിന് ശേഷം തിരികെ ഇന്ത്യയിലേക്ക് വരണമെന്നും ഇവിടുത്തെ വിദ്യാഭ്യാസ രം​ഗത്ത് ജോലി ചെയ്യണമെന്നുമാണ് അനുരാ​ഗിന്റെ ആ​ഗ്രഹം.