തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന 'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് 2020-21 ലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നിലവില്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. 2020 ആഗസ്റ്റ് ഒന്നിന് 20നും 36 നും ഇടയിലായിരിക്കണം പ്രായപരിധി.

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. 2020-21 വര്‍ഷത്തില്‍ 30 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അഞ്ചു സീറ്റ് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന മികച്ച സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് ആനുകൂല്യങ്ങള്‍ ലഭിക്കും.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് മാതൃകയില്‍ 100 മാര്‍ക്കിന്റെ 90 മിനിട്ട് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററുകളില്‍ പ്രവേശന പരീക്ഷ നടത്തും. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളും മാനദണ്ഡങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷയുടെ നടത്തിപ്പ്. 

ഐ.സി.എസ്.ഇ.റ്റി.എസിന്റെ വെബ്സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി മാത്രം ഓഗസ്റ്റ് 15 ന് വൈകിട്ട് അഞ്ചിനുമുമ്പ് അപേക്ഷിക്കാം. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2533272 എന്ന ഫോണ്‍ നമ്പരിലോ, icsets@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം.