ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ബി.എസ്‌സി.
ബിരുദതലത്തില്‍ രണ്ട് ത്രിവത്സര ഓണേഴ്‌സ് ബി.എസ്‌സി. പ്രോഗ്രാമുകള്‍. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ്. അംഗീകൃത ബോര്‍ഡില്‍നിന്നും പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി.
മാസ്റ്റേഴ്‌സ് തലത്തില്‍ മൂന്ന് എം.എസ്‌സി. പ്രോഗ്രാമുകള്‍ മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഡേറ്റ സയന്‍സ്. ആദ്യ രണ്ടു പ്രോഗ്രാമുകളിലേക്ക് യഥാക്രമം മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി, ബി. മാത്തമാറ്റിക്‌സ്, ബി. സ്റ്റാറ്റിസ്റ്റിക്‌സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ ശക്തമായ അടിത്തറയുള്ളവര്‍ ഡേറ്റ സയന്‍സ് എം.എസ്‌സി.ക്കും അപേക്ഷിക്കാം

പിഎച്ച്.ഡി.

• മാത്തമാറ്റിക്‌സ്: മാത്തമാറ്റിക്‌സ് എം.എസ്‌സി.ക്കാര്‍ക്കും/തത്തുല്യ യോഗ്യതയുള്ളവര്‍ക്കും എന്‍ജിനിയറിങ്ങിലോ സയന്‍സിലോ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

• കംപ്യൂട്ടര്‍ സയന്‍സ്: ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.സി.എ., സയന്‍സില്‍ ബി.എസ്‌സി. ബിരുദം എന്നിവയിലൊന്നുള്ളവര്‍

• ഫിസിക്‌സ്: ഫിസിക്‌സ് എം.എസ്‌സി./തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഫിസിക്‌സ് പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം.

പ്രവേശനരീതി

ഫിസിക്‌സ് പിഎച്ച്.ഡി. ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം മേയ് 15ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലുള്‍പ്പടെ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍. രാവിലെ 9.30 മുതല്‍ 12.30 വരെ ബി.എസ്‌സി. പ്രോഗ്രാമുകള്‍ക്കുള്ള പൊതുവായ പ്രവേശനപരീക്ഷ നടത്തും. മറ്റുപ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ. രണ്ടാംഘട്ടത്തില്‍ അഭിമുഖമുണ്ടായേക്കാം.

ഫിസിക്‌സ് പി.എച്ച്.ഡി. പ്രവേശനം ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) സ്‌കോര്‍ അടിസ്ഥാനമാക്കിയാകും. നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡില്‍ മികവുകാട്ടിയ ബി.എസ്‌സി. പ്രോഗ്രാമിലേക്കുള്ള അപേക്ഷകര്‍, നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹയര്‍ മാത്തമാറ്റിക്‌സ് (എന്‍.ബി.എച്ച്.എം.) പിഎച്ച്.ഡി. ഫെല്ലോഷിപ്പുള്ള, മാത്തമാറ്റിക്‌സ് പിഎച്ച്.ഡി. അപേക്ഷകര്‍, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ജസ്റ്റ് യോഗ്യത നേടിയ കംപ്യൂട്ടര്‍ സയന്‍സ് പിഎച്ച്.ഡി. അപേക്ഷകര്‍ എന്നിവരെ പ്രവേശനപരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ, സിലബസ്, മുന്‍വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍, സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ എന്നിവ www.cmi.ac.in/ ല്‍ ലഭിക്കും. അവസാന തീയതി: ഏപ്രില്‍ 11.