ദില്ലി: സലിം ഷേഖ് എന്ന തെരുവുകച്ചവടക്കാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്. എസ്എസ്‍സി പരീക്ഷയിൽ മികച്ച വിജയമാണ് അദ്ദേഹത്തിന്റെ മകൾ അസ്മ നേടിയിരിക്കുന്നത്. അസ്മ പഠിക്കുന്ന സ്കൂളിന് സമീപത്ത് തന്നെയാണ് സലിം ഷേഖിന്റെ കടയും സ്ഥിതി ചെയ്യുന്നത്. മധുരപാനീയങ്ങളും മറ്റുമാണ് ഇവിടെ വിൽപന. എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ചതിനെ തുടർന്ന് കട തുടരാൻ‌ പറ്റാത്ത സാഹചര്യമാണുണ്ടായിരുന്നതെന്ന് സലിം ഷേഖ് പറയുന്നു.

മകളുടെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സലിം ഷേഖ് പറയുന്നു, 'ഞാൻ വളരെ സന്തോഷവാനാണ്. എനിക്കുള്ളതിനേക്കാൾ മികച്ച ഒരു ലോകം അവൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതവും ജോലിയും തെരുവിലായിരുന്നു. എന്നാൽ എന്റെ മക്കൾക്ക് കൂടുതൽ മികച്ച ജീവിതം ലഭിക്കണമെന്നാണ് എന്റെ ആ​ഗ്രഹം.'  

കഴിഞ്ഞ മൂന്നു മാസക്കാലം മകളുടെ ട്യൂഷൻ ഫീസ് കൊടുക്കാനുള്ള പണം പോലും സമ്പാദിക്കാൻ‌ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഒരു മാസം ആയിരം രൂപയായിരുന്നു ട്യൂഷൻ ഫീസ്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും പഠിക്കാൻ മിടുക്കിയായിരുന്നു അസ്മ. എന്റെ അച്ഛന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ ആ​ഗ്രഹിക്കുന്നു. തെരുവിൽ ജോലി ചെയ്താണ് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടത്. കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനായി ഒരു ജോലി നേടണമെന്നാണ് എന്റെ ആ​ഗ്രഹം. അസ്മ പറയുന്നു. അസ്മയുടെ മികച്ച വിജയം വാർത്തയായതിനെ തുടർന്ന് നിരവധി പേരാണ് തുടർപഠനത്തിനായി സഹായം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.