Asianet News MalayalamAsianet News Malayalam

Right to disconnect : ജോലിസമയം കഴിഞ്ഞ് ഓഫീസ് കോളെടുക്കണ്ട; 'റൈറ്റ് ടു ഡിസ്കണക്റ്റ്' പ്രാബല്യത്തിലാക്കി ബെൽജിയം

അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്ന, അസാധാരണവും അപ്രതീക്ഷിതവുമായ ആവശ്യങ്ങൾക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. 

belgian civil servants granted right to disconnect law
Author
Belgium, First Published Jan 7, 2022, 1:56 PM IST

ബൽജിയം:  സർക്കാർ ജീവനക്കാർക്ക് (Civil Servants) ജോലി സമയത്തിന് ശേഷം ഔദ്യോ​ഗിക കോളുകൾ (Official Calls) കട്ട് ചെയ്യാനുള്ള അവകാശം അനുവദിച്ച് ബൽജിയം. ഇവിടുത്തെ 65000 ജീവനക്കാർക്കാണ് ഈ അവകാശം അനുവദിച്ചിരിക്കുന്നത്. ജോലി സമയത്തിന് ശേഷം കോളുകളോ സന്ദേശങ്ങളോ സ്വീകരിക്കേണ്ടതില്ല. ഫെബ്രുവരി 1 മുതൽ രാജ്യത്തെ എല്ലാ പൊതു സേവനങ്ങളിലെയും മാനേജർമാർ പ്രവ‍ർത്തി ദിവസങ്ങളിൽ 5 മണിക്ക് ശേഷം ജീവനക്കാരെ വിളിക്കരുത്. അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്ന, അസാധാരണവും അപ്രതീക്ഷിതവുമായ ആവശ്യങ്ങൾക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. 

പ്രൊഫഷണൽ രം​ഗത്തെ അമിത സമ്മർദ്ദത്തിനും പ്രതിസന്ധിക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായിട്ടാണിതെന്ന്  മന്ത്രി പെട്ര ഡി സറ്റർ പറഞ്ഞു. ആഴ്ചാവസാനമോ അഞ്ച് മണിക്ക് ശേഷമോ ഒരു സർക്കാർ ജീവനക്കാരൻ സന്ദേശങ്ങൾ പരിശോധിക്കാതിരുന്നാൽ അതിന്റെ പേരിൽ പ്രതിസന്ധി നേരിടേണ്ടിവരില്ലെന്നും ഈ നിയമം വ്യക്തമാക്കുന്നു. 
 
ജോലി സമയം കഴിഞ്ഞ് തൊഴിൽദാതാവിന്റെ ഫോൺ കോളുകൾ അവ​ഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിനായുള്ള സ്വകാര്യ ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചത് 2019 ൽ എൻ സി പി എം പി സുപ്രിയ സുലേയാണ്. സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവനക്കാരന്റെ വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുക എന്നിവയാണ് ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ വ്യക്തമാക്കിയിരുന്നു. 

ജീവനക്കാർക്ക് മുഴുവന്‍ സമയവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നത് ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, വൈകാരിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അവധി ദിവസങ്ങളിലും കോളുകള്‍ക്കും, ഇ-മെയിലുകള്‍ക്കും മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് അവരുടെ ജീവിതത്തെയും ബാധിക്കുമെന്ന് സുപ്രിയ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios