പുതുച്ചേരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേരിൽ പുതുച്ചേരിയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണ പദ്ധതി. പുതുച്ചേരി കരുമാനിക്കുപ്പം ജീവനന്ദ സ്കൂളിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ട് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി വി നാരായണ സ്വാമി പദ്ധതി ഉദ്ഘാടനം ചെയ്തത്. 

ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് എം കരുണാനിധി. അദ്ദേഹത്തിന് ഏറ്റവും ഉചിതമായ ആദരവാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. പുതുച്ചേരിയിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കും. പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, സ്‌കൂൾ അധികൃതർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. കരുണാനിധിയുടെ പേരിൽ പുതുച്ചേരി ഡി.എം.കെ. യുടെ ആവശ്യപ്രകാരമാണ് പദ്ധതി നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

​ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി വളരെയധികം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രഭരണ പ്രദേശത്ത് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ 419 സ്കൂളുകളിലെ 80,000 കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫണ്ട് ഇതിനകം ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.