ദില്ലി: ബാങ്ക് ക്ലർക്ക് ജോലിക്കായി ഐ.ബി.പി.എസ് നടത്തുന്ന പരീക്ഷക്ക് അപേക്ഷിക്കാൻ ഒരവസരം കൂടി. ഒക്ടോബർ 23 മുതൽ നവംബർ ആറ് വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ അവസരം. ibps.inഎന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 2557 ഒഴിവുകളിലേക്കാണ് പരീക്ഷ.

നേരത്തെ സെപ്റ്റംബര്‍ 2 മുതല്‍ സെപ്റ്റംബര്‍ 23 വരെയായിരുന്നു അപേക്ഷിക്കാന്‍ സമയം നല്‍കിയിരുന്നത്. ആദ്യഘട്ട പരീക്ഷ ഡിസംബർ അഞ്ച്, 12, 13 തിയതികളിലാണ് നടക്കുക. മെയിൻ പരീക്ഷ ജനുവരി 24നും നടക്കും. ഏപ്രിൽ ഒന്നിന് താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക്, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകളിലാണ് 2557 ഒഴിവുകൾ. വിശദവിവരങ്ങൾക്ക് ibps.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.