Asianet News MalayalamAsianet News Malayalam

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2020ന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 15ന് വൈകിട്ട് അഞ്ചു മണി

സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ് അവാർഡ് നൽകുന്നത്.
 

can apply for media award 2020 from state government
Author
Trivandrum, First Published Jul 1, 2021, 2:06 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിലെ കാലയളവിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ് അവാർഡ് നൽകുന്നത്.

വികസനോൻമുഖ റിപ്പോർട്ടിംഗ്, ജനറൽ റിപ്പോർട്ടിംഗ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം.  വാർത്താചിത്രത്തിന്റെ 10 x 8 വലിപ്പത്തിലുള്ള നാല് പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കണം.

മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളുടെ മൂന്നു വീതം ഡിവിഡി ഫോർമാറ്റ്/ പെൻഡ്രൈവ് (പെൻഡ്രൈവാണെങ്കിൽ ഒന്ന്) സമർപ്പിക്കണം. ഒരു വാർത്ത പലഭാഗങ്ങളായി നൽകാതെ സമഗ്രസ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് സമർപ്പിക്കേണ്ടത്. ടിവി അവാർഡുകളിലെ മറ്റു വിഭാഗങ്ങളിലും മൂന്നു വീതം ഡിവിഡികൾ അല്ലെങ്കിൽ ഒരു പെൻഡ്രൈവിൽ അയയ്ക്കണം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.  

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം.  ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത്  മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.

എൻട്രികൾ 2021 ജൂലൈ 15ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ പരിശോധിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios