Asianet News MalayalamAsianet News Malayalam

എയ്ഡഡ് സ്കൂളുകളിലെ നിയമന പ്രതിസന്ധി: പ്രായപരിധി പിന്നിടുന്നവരെ എങ്ങനെ പരിഗണിക്കുമെന്ന് ഉദ്യോഗാർഥികൾ

2020ൽ സ്കൂൾ തുറക്കാഞ്ഞത് കൊണ്ട് നിയമനം നടന്നില്ല. 2021 ലും സ്കൂൾ തുറന്നാൽ മാത്രമേ നിയമങ്ങൾ നടക്കൂ എന്ന അവസ്ഥയാണ് ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നത്.
 

Candidates on how to treat those over the age limit in aided school
Author
Trivandrum, First Published Jun 3, 2021, 10:14 AM IST

തിരുവനന്തപുരം: സ്കൂൾ തുറക്കാത്തതിനാൽ നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ആശങ്കയോടെ ചോദിക്കുന്നു.. ‘പ്രായപരിധി കഴിഞ്ഞാൽ ഞങ്ങളെ എങ്ങനെ പരിഗണിക്കും?’ 2020 ൽ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കം ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് സ്കൂൾ തുറക്കാത്തതിനാൽ എയ്ഡഡ് സ്കൂൾ നിയമനത്തിനായി കാത്തിരിക്കുന്നത്. 2020ൽ സ്കൂൾ തുറക്കാഞ്ഞത് കൊണ്ട് നിയമനം നടന്നില്ല. 2021 ലും സ്കൂൾ തുറന്നാൽ മാത്രമേ നിയമങ്ങൾ നടക്കൂ എന്ന അവസ്ഥയാണ് ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നത്.

ഇനി എന്ന് സ്കൂളുകൾ തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞശേഷം സ്കൂളുകൾ തുറക്കുമ്പോൾ എയ്ഡഡ് സ്കൂൾ നിയമനത്തിനുള്ള പ്രായപരിധി കഴിഞ്ഞു പോകുന്നവരുടെ കാര്യത്തിൽ എന്ത്‌ നടപടിയാണ് സർക്കാർ തീരുമാനിക്കുക എന്നാണ് ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ചോദ്യം. പലർക്കും കഴിഞ്ഞ വർഷം 40 വയസ് കഴിഞ്ഞു.

എയ്ഡഡ് സ്കൂൾ നിയമനങ്ങളിലടക്കം തുടർനടപടി സ്കൂൾ തുറന്ന ശേഷമേ ഉണ്ടാകൂ എന്ന് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സ്കൂളുകളിൽ നിയമന ഉത്തരവുകൾ ലഭിച്ചവർക്ക് സേവനത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രായപരിധി എങ്ങനെയാണ് കണക്കാക്കുക എന്നതിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

സംസ്ഥാനത്തെ സ്കൂളുകളിൽ ഓരോ അദ്ധ്യയന വർഷവും ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് തസ്തികനിർണ്ണയം നടത്തി വരുന്നത്. ഈ തസ്തിക നിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒഴിവുള്ള തസ്തികകളിലേക്ക് നിയമനവും നടത്തുന്നത്.  2020-21 അദ്ധ്യയന വർഷത്തിൽ കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ പ്രവർത്തി ദിവസം ഉണ്ടായിട്ടില്ല.

2021-22 വർഷാരംഭത്തിലും സ്കൂളുകൾ തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല. എന്നാൽ, നിയമനം ലഭിച്ചവർക്ക് സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് സേവനത്തിൽ പ്രവേശിക്കാം എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അദ്ധ്യായം XIV എ, ചട്ടം 7A (2) അനുസരിച്ച്പ്രധാനാദ്ധ്യാപകൻ, അനദ്ധ്യാപകർ ഒഴികെയുള്ള നിയമനങ്ങൾ സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ എന്നാണ് സർക്കാർ വിശദീകരണം.

സർക്കാർ മേഖലയിൽ, ഹയർ സെക്കന്‍ററി ഉൾപ്പെടെ 2513 പേർക്ക് വിവിധ ജില്ലകളിൽ അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവുകൾ നൽകിയിട്ടുണ്ട്. 788 പേർക്ക് അദ്ധ്യാപക തസ്തികകളിലേക്ക് പി എസ് സി നിയമന ശുപാർശ നൽകിയിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ നടത്തിയ ഏകദേശം 4800 നിയമനങ്ങളുടെ പ്രൊപോസലുകൾ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കട്ടുന്നുണ്ട്. സ്കൂളുകളിലെ സ്കൂളുകൾ തുറന്ന്‍ പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് മാത്രമേ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ തുടർനടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

സ്കൂളുകൾ തുറന്ന്‍ റഗുലർ ക്ലാസുകൾ ആരംഭിക്കുന്ന മുറക്ക് അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവ് നല്‍കിയ എല്ലാവർക്കും സേവനത്തിൽ പ്രവേശിക്കാവുന്നതാണെന്നും സർക്കാർ വിശദീകരിക്കുന്നു. എന്നാൽ സ്കൂൾ തുറക്കുമ്പോഴേക്കും 40വയസ് പിന്നിടുന്നവരുടെ നിയമനം എന്താകുമെന്നാണ് ഉദ്യോഗാർഥികളെ ആശങ്കപ്പെടുത്തുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും  വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios