തിരുവനന്തപുരം: കൊറോണ വൈറസ് ബാധ് വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ അതി​ഗുരുതരമായ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വൻസാമ്പത്തിക ശക്തികളായിരുന്ന രാജ്യങ്ങളുൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഈ മഹാമാരിയുടെ പരിണിത ഫലമനുഭവിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഖലകളെയും എന്നപോലെ വിദ്യാഭ്യാസ രം​ഗത്തും വൻ വഴിത്തിരിവുകളാണ് കൊവിഡ് മൂലം സംഭവിച്ചരിക്കുന്നത്. ക്ലാസ് മുറികളിൽ നിന്നും വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിലേക്ക് മാറിക്കഴിഞ്ഞു. ഈ മാറ്റത്തിന് അനുകൂലവും പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു മാറ്റം കൂടി വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചു. സിബിഎസ്ഇ ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് മുപ്പത് ശതമാനം വെട്ടിക്കുറച്ചു. 

കൊവിഡ് കാലത്ത് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ഒഴിവാക്കിയ പാഠഭാ​ഗങ്ങളെ ചൊല്ലി ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. ഒൻപതാം ക്ലാസിലെ സാമൂഹിക പാഠത്തിൽ നിന്ന് ജനാധിപത്യ അവകാശങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ എന്നിവയാണ് ഒഴിവാക്കിയിരിക്കുന്നത്. പത്താം ക്ലാസിലെ സാമൂഹിക പാഠത്തിൽ നിന്ന് ജനാധിപത്യവും നാനാത്വവും, ജാതി, മതം, ലിം​ഗം, ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ, വനം വന്യ ജീവി എന്നിവ. 

പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത, ലോക്കൽ ​ഗവൺമെന്റ്, ബിസിനസ് സ്റ്റഡീസിൽ നിന്ന് ജിഎസ്ടി‌. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക, പ്രകൃതി വിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹ്യവും നവീനവുമായ മുന്നേറ്റങ്ങൾ, കൊളോണിയലിസം, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ ശ്രീലങ്ക, മ്യാന്മർ എന്നീ അയൽക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം, ബിസിനസ് സ്റ്റഡീസിൽ നോട്ട് നിരോധനം. ഇത്രയും പാഠഭാ​ഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവയെല്ലാം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ വിലപ്പെട്ട അറിവുകളാണെന്ന വാദത്തിൽ നിന്നാണ് പാഠഭാ​ഗങ്ങൾ ഒഴിവാക്കിയതിൽ വിമർശനമുയരുന്നത്.

''ഈ പാഠഭാ​ഗങ്ങളെല്ലാം ഞങ്ങൾ മാർച്ച് മാസത്തിൽ തന്നെ കുട്ടികളെ പഠിപ്പിച്ചു കഴിഞ്ഞതാണ്. പാഠഭാ​ഗങ്ങൾ വെട്ടിച്ചുരുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഏതൊക്കെയാണെന്നോ എപ്പോഴാണെന്നോ അറിയിച്ചിരുന്നില്ല. ഇനി പരീക്ഷ വരുന്ന സമയത്ത് ഈ പാഠഭാ​ഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളൊന്നും  ഉണ്ടാകില്ല. കുട്ടികൾ അത്യാവശ്യം പഠിക്കേണ്ട പാഠങ്ങൾ തന്നെയാണിത്. ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ മുതൽ സ്കൂളിലെ പോലെ തന്നെ ക്ലാസുകൾ എടുക്കുന്നുണ്ട്. വിദ്യാർത്ഥികളെല്ലാം ഓൺലൈൻ ക്ലാസുകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.''  ശാസ്താംകോട്ട കോതപുരം ശ്രീനാരായണ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീകുമാരി പറയുന്നു. 

കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിലേക്ക് മാറിയപ്പോൾ കുട്ടികളിലെ പഠനഭാരം കുറയ്ക്കുക എന്നതാണ് ഈ വെട്ടിച്ചുരുക്കലിലൂടെ ഉദ്ദേശിക്കുന്നതെന്ന് സിബിഎസ് ഇ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും അതേ സമയം രാഷ്ട്രീയ ചർച്ചകൾ കൂടുതൽ വി​ദ്യാഭ്യാസപരമാകണമെന്നും കേന്ദ്രമന്ത്രി രമേഷ് പൊഖ്‍റിയാൽ ട്വീറ്റിൽ പറഞ്ഞിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള വിശുദ്ധ സേവനമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ മേഖലയിലെ വിദ​ഗദ്ധരുമായി കൂടിയാലോചിച്ചാണ് സിലബസ് വെട്ടിച്ചുരുക്കിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.