Asianet News MalayalamAsianet News Malayalam

‍ഡിജിറ്റൽ വിഭജനത്തെ മറികടക്കാൻ വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ്‍ലെറ്റുകൾ നൽകി ചെന്നൈയിലെ സ്കൂൾ

ഇവരെല്ലാം നിരാലംബരായ വിദ്യാർത്ഥികളാണ്. ഇവരുടെ വിദ്യാഭ്യാസം നിലച്ചുപോകരുതെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു. 

chennai school give free tablets for students
Author
Chennai, First Published Sep 23, 2020, 3:52 PM IST

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തെമ്പാടുമുള്ള സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബ്‍ലെറ്റുകൾ വിതരണം ചെയ്ത് ചെന്നൈ സ്കൂൾ. ഒൻപത്, പന്ത്രണ്ട് ക്ലാസുകളിലെ 120 വിദ്യാർത്ഥികൾക്കാണ് ‍ടാബ്‍ലെറ്റുകൾ നൽകിയിരിക്കുന്നത്. ഓൽകോട്ട് മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളാണ് ഫീസ് ഈടാക്കാതെ നിരാലംബരായ കുട്ടികളെ പഠിപ്പിക്കുന്നത്. യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും കുട്ടികൾക്ക് സൗജന്യമായിട്ടാണ് നൽകുന്നത്. 

'എന്റെ വീട്ടിൽ അച്ഛന് മാത്രമേ സ്മാർട്ട് ഫോണുള്ളൂ. അതിൽ നെറ്റ്‍വർക്കില്ല. അതുപോലെ പല പ്രശ്നങ്ങളുമുണ്ട്. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇത് വളരെ ഉപയോ​ഗപ്രദമാണ്.' തസ്ലീൻ എൻഡിടിവിയോട് പറഞ്ഞു. 'ഇത് വളരെ പ്രയോജനപ്രദമാണ്. ഞാൻ എന്റെ സഹോദരന്റെ ഫോണാണ് ഉപയോ​ഗിച്ചിരുന്നത്. എന്നാൽ സഹോദരൻ ജോലിക്ക് പോകുന്ന സമയത്ത് ഫോണുപയോ​ഗിക്കാൻ സാധിക്കില്ല.' വിക്ടോറിയ എന്ന വിദ്യാർത്ഥി പറഞ്ഞു. അഭിഭാഷകരാകാനാണ് ഇരുവരുടെയും ആ​ഗ്രഹം. 

വീട്ടുജോലിക്കാരിയാണ് മണികണ്ഠന്റെ അമ്മ. അമ്മാവനോടൊപ്പമാണ് ഈ വിദ്യാർത്ഥി ടാബ്‍ലെറ്റ് വാങ്ങാൻ സ്കൂളിലെത്തിയത്. സിവിൽ സർവ്വീസാണ് മണികണ്ഠന്റെ ലക്ഷ്യം. ഫോൺ ഇല്ലാത്തതിനാൽ അഞ്ചുമാസമായി പഠനം മുടങ്ങിയ അവസ്ഥയിലായിരുന്നു. തന്റെ സിവിൽ സർവ്വീസ് സ്വപ്നം പൂർത്തീകരിക്കാൻ ഈ ‍ടാബ്‍ലെറ്റ് സഹായിക്കുമെന്ന് മണികണ്ഠൻ ഉറച്ചു വിശ്വസിക്കുന്നു. 

തിയോസഫിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂൾ ഇതിനായി 16 ലക്ഷം രൂപയാണ് സമാഹരിച്ച് നൽകിയത്. ചെന്നൈ റോട്ടറിക്ലബ് അധ്യാപകർക്ക് ലാപ്ടോപ്പുകൾ നൽകിയിരുന്നു. ചാരിറ്റബിൾ സം​ഘടന 100 ടാബ്‍ലെറ്റുകളാണ് നൽകാമെന്ന് സമ്മതിച്ചത്. ഇതിനെ തുടർന്ന് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ടാബ്‍ലെറ്റ് നൽകാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. 'ഇവരെല്ലാം നിരാലംബരായ വിദ്യാർത്ഥികളാണ്. ഇവരുടെ വിദ്യാഭ്യാസം നിലച്ചുപോകരുതെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു. ഇവരെ സഹായിക്കാൻ ധാരാളം മനുഷ്യസ്നേഹികളുണ്ട് എന്നതിൽ സന്തോഷമുണ്ട്.' ഓണററി അക്കാദമിക് ഡയറക്ടർ ശശികല ശ്രീറാം പറഞ്ഞു. 

കുട്ടികളുടെ പഠനത്തിനായി രാഹുൽ ശങ്കർ, സന്ദീപ് രാജരാജൻ എന്നിവർ ചേർന്ന് ഒരു സോഫ്റ്റ്‍വെയറും രൂപകൽപന ചെയ്തിട്ടുണ്ട്. ഒരു വർഷത്തേയ്ക്ക് ഇന്റർനെറ്റ് ചാർജിനും സിമ്മിനുമായി 13000 രൂപ ചെലവഴിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. അധ്യയന വർഷത്തിന്റെ അവസാനം വിദ്യാർത്ഥികൾ ടാബ്‍ലെറ്റുകൾ തിരികെ നൽകുകയാണെങ്കിൽ അടുത്ത ബാച്ച് വിദ്യാർത്ഥികൾക്കും ഇവ ഉപയോ​ഗിക്കാൻ സാധിക്കും. 

Follow Us:
Download App:
  • android
  • ios